റിയാദ്: ബത്ഹ കേരള, യമനി മാർക്കറ്റുകൾക്ക് സമീപമുള്ള മസ്ജിദിൽ ഇപ്പോൾ കുറച്ചുദിവസമായി നമസ്കാരത്തിന് നേതൃത്വം നൽകുന്നത് പതിനാലുകാരനായ ഒരു മലയാളി പയ്യനാണ്. റിയാദ് അൽആലിയ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി. റിയാദിലെ സാമൂഹിക പ്രവർത്തകൻ പത്തനംതിട്ട സ്വദേശി ഹുസൈൻ താന്നിമൂട്ടിലിെൻറ മകൻ. ആദിൽ ഹുസൈൻ എന്ന മിടുക്കൻ. യമനി പൗരനായ ഇമാം റഷാദി വാർഷിക അവധിയിലായതിനാൽ രണ്ടാഴ്ചത്തേക്കുള്ള താൽക്കാലിക ചുമതലയാണെങ്കിലും സുബ്ഹി മുതൽ ഇഷാ വരെ എല്ലാ നമസ്കാരങ്ങളുടെയും നേതൃത്വം ആദിലിന് തന്നെ.
സുബ്ഹിക്ക് നേരം പരാപരാ വെളുക്കും മുമ്പ് അതായത് പുലർച്ചെ മൂന്നിന് ഉണർന്ന് പിതാവിനോടൊപ്പം ഫ്ലാറ്റിൽനിന്ന് 300 മീറ്റർ അകലെയുള്ള പള്ളിയിലെത്തും. ബാങ്കുവിളിക്കുന്നതും ആദിലാണ്. വളരെ യാദൃശ്ചികമായാണ് ഇമാം റോളിലേക്ക് ആദിലിെൻറ കടന്നുവരവ്. റിയാദിൽ ഒരു സംഘടന നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ ഇമാം റഷാദി വിധികർത്താക്കളിൽ ഒരാളായിരുന്നു. മത്സരത്തിൽ വിജയിയായ ആദിലിെൻറ പാരായണം റഷാദിക്ക് നന്നെ പിടിച്ചു. പിന്നീട് പള്ളിയിൽ വെച്ച് കണ്ടപ്പോൾ കൂടുതൽ പരിചയപ്പെട്ടു. ബാങ്കുവിളിക്കാൻ ഒരു അവസരം തരുമോ എന്ന് അവൻ ചോദിച്ചു. സന്തോഷത്തോടെ ഇമാം അതിന് അനുവദിച്ചു. അടുത്ത ബാങ്ക് അവെൻറ മധുര ശബ്ദത്തിൽ മുഴങ്ങി.
അന്ന് മഗ്രിബിന് തോബ് (അറബി പാരമ്പര്യ വേഷം) ധരിച്ചുവരാൻ ഇമാം ആവശ്യപ്പെട്ടു. അങ്ങനെയെത്തിയപ്പോൾ മഗ്രിബിന് തന്നെ ഇമാമായി നിറുത്തി. ഇഷാ നമസ്കാരത്തിലും അവസരം നൽകി. ഇക്കഴിഞ്ഞ റമദാൻ 22നായിരുന്നു ഇൗ സംഭവം. ശേഷം ഇടയ്ക്കെല്ലാം അവസരങ്ങൾ കിട്ടി. റമദാൻ അവസാനത്തെ ഒരാഴ്ച തറാവീഹ് നമസ്കാരത്തിെൻറ ഇമാമുമാക്കി. റമദാൻ കഴിഞ്ഞപ്പോൾ ആഴ്ചയിൽ മൂന്നുദിവസം മഗ്രിബിനും ഇഷാക്കും ഇമാമാക്കി. പകൽ സ്കൂളിൽ പോകേണ്ടതുള്ളത് കൊണ്ടായിരുന്നു അങ്ങനെ. ഇൗ മാസം 17ന് ഇാമം അവധി പ്രമാണിച്ച് നാട്ടിൽ പോയി. അതിന് തൊട്ടുമുമ്പ് ആദിലിെൻറ പിതാവിനെ വിളിച്ച്, താൻ അവധിക്ക് പോകുേമ്പാൾ മകനെ ഇമാമാക്കാൻ അനുവാദം ചോദിച്ചു. സ്കൂൾ അവധി കൂടിയായതിനാൽ സന്തോഷപൂർവം മകനും പിതാവും അത് സ്വീകരിച്ചു.
ജൂലൈ 31വരെയാണ് ഇൗ താൽക്കാലിക ചുമതല. മസ്ജിദിെൻറ മുഴുവൻ ചുമതലയുമാണ്. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അതിനുള്ള അനുമതിയും ഇമാം വാങ്ങി നൽകിയിട്ടുണ്ട്. മുഅദ്ദീനായിരുന്ന യമനി പൗരൻ ഏതാനും മാസം മുമ്പ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ച ശേഷം ഇമാം തന്നെയാണ് ബാങ്കു വിളിച്ചിരുന്നത്. ഇപ്പോൾ അത് കൂടി ആദിലിെൻറ ചുമതലയിലായി. പത്തനംതിട്ട ഹോളി ഏഞ്ചൽസ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഉമ്മ സബീനയോടും പെങ്ങൾ ഹനാന ഹുസൈനോടുമൊപ്പം (ബി.സി.എ ഒന്നാം വർഷ വിദ്യാർഥിനി, ജാമിഅ നദ്വിയ എടവണ്ണ) റിയാദിൽ ബാപ്പയുടെ അടുത്തെത്തിയത്.
11 വയസുള്ളപ്പോൾ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിലുള്ള തഹ്ഫീദുൽ ഖുർആൻ കോഴ്സ് ആദ്യ ബാച്ചിലെ ആദ്യ വിദ്യാർഥിയും ഖുർആൻ മനഃപാഠമാക്കി പൂറത്തിറങ്ങിയ ആദ്യത്തെയാളുമായി. പതിെനാന്നര മാസം കൊണ്ടാണ് ആ നേട്ടം സ്വന്തമാക്കിയത്. ഇതേ സലഫി മദ്റസയിൽ ഏഴാം ക്ലാസ് മത വിദ്യാഭ്യാസവും പൂർത്തിയാക്കി. പാഠ്യേതര വിഷയങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള ആദിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കരാെട്ട പരിശീലനവും നടത്തുന്ന മിടുക്കൻ ഉയർന്ന ബെൽറ്റുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.