മീഡിയ വൺ സൂപ്പർ കപ്പ്: ഉദ്ഘാടനം കുറിക്കാൻ 'ആശാൻ' നാളെയെത്തും

റിയാദ്: കേരളത്തിന്റെ ന്യൂജെൻ ഫുട്‌ബോൾ ആവേശവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി കോച്ചുമായിരുന്ന ഇവാൻ വുകോമനോവിച്ച് വെള്ളിയാഴ്​ച രാത്രി മീഡിയ വൺ സൂപ്പർ കപ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുവാനായി റിയാദിലെത്തുന്നു. ഫുട്‌ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആ ചരിത്ര നിമിഷങ്ങൾക്ക് നാളെ രാവിൽ സുലൈയിലെ അൽ മുതവ പാർക്ക്‌ സ്റ്റേഡിയം സാക്ഷിയാകും. കൊട്ടും കുരവയും താളമേളങ്ങളുമായി വിശിഷ്ടാതിഥിയെ ടൂർണമെന്റ് കമ്മറ്റിയും റിഫ ഭാരവാഹികളും മീഡിയ വൺ ഉദ്യോഗസ്ഥരും ചേർന്ന് വേദിയിലേക്ക് ആനയിക്കും.

കേരളത്തെ ഏറെ സ്നേഹിക്കുന്ന ഇവാൻ വുകോമനോവിച്ച് പുതിയ തലമുറക്ക് കാൽപന്ത് കളിയെ കുറിച്ചുണ്ടാക്കിയ അവബോധം ചെറുതല്ല. സ്നേഹ സൗഹൃദങ്ങളിലൂടെ ജനപ്രിയനാണെങ്കിലും കഠിന പ്രയത്നത്തിന്റെയും പ്രചോദിപ്പിക്കുന്നതിന്റെയും ആൾരൂപം കൂടിയായിരുന്നു അദ്ദേഹം. കേരള ബ്ലാസ്റ്റേഴ്‌സിനെ വാർത്തെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. വിടവാങ്ങൽ സമയത്ത് ക്ലബ്‌ ഒഫീഷ്യലുകൾ നടത്തിയ പരാമർശങ്ങൾ അതിന് തെളിവാണ്. “കഴിഞ്ഞ മൂന്ന് വർഷമായി ടീം വികസനത്തിൽ കോച്ച് ഇവാൻ വുകോമാനോവിച്ചിൻ്റെ സ്വാധീനം ശരിക്കും വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു പദവിയും സന്തോഷവുമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, അദ്ദേഹത്തിൻ്റെ എല്ലാ ഭാവി പ്രവർത്തനങ്ങളിലും ഞാൻ എല്ലാ ആശംസകളും നേരുന്നു” സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ക്ലബ് റിലീസിൽ പറഞ്ഞു. ക്ലബ് ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ദയുടെ അഭിപ്രായത്തിൽ “ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. മാറ്റം പ്രയാസകരമാണെങ്കിലും അടുത്ത ഘട്ടം നടത്താനുള്ള ശരിയായ സമയമാണിതെന്ന് ഞങ്ങൾ കരുതുന്നു. കെ.ബി.എഫ്‌.സിക്ക് വേണ്ടി ഇവാൻ ചെയ്‌തതിന് ഞാൻ അവനോട് വളരെ നന്ദിയുള്ളവനാണ്".

ക്രയോഷ്യയിൽ നിന്നും നാളെ രാവിലെ റിയാദ് കിങ്​ ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഇവാൻ വുകോമനോവിച്ചിനെ മീഡിയ വൺ പ്രതിനിധികൾ സ്വീകരിക്കും.

Tags:    
News Summary - Media One Super Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.