റിയാദ്: മാധ്യമ സ്വാതന്ത്ര്യം പൊരുതി നേടിയ മാധ്യമമായി മീഡിയവൺ ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുമ്പോൾ ആഹ്ലാദം പങ്കുവെച്ച് പ്രവാസികളും. ജനാധിപത്യവും പൗരന്റെ മൗലികാവകാശങ്ങളും ഭീഷണിയിലായ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ മീഡിയവണ്ണിന്റെ പ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുള്ള പരമോന്നത നീതിപീഠത്തിന്റെ വിധി രാജ്യത്തുണ്ടാക്കിയ ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും അലയൊലികളാണ് പ്രവാസലോകത്തും.
നിർഭയ മാധ്യമ പ്രവർത്തനത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തിന് പൂർണമായ തോതിൽ സംരക്ഷണം ഒരുക്കുന്ന സുപ്രീം കോടതിയുടെ വിധി പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും സന്തോഷവുമാണ് നൽകുന്നതെന്ന് വ്യക്തികളും സംഘടനകളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
റിയാദ്: മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ഭരണകൂട അനീതികള്‍ക്കെതിരെ പൊരുതുന്ന മാധ്യമ സമൂഹത്തിന് ആശ്വാസം പകരുന്ന വിധിയാണിത്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനങ്ങളെ ദേശസുരക്ഷയുടെ പേരില്‍ ‘സീല്‍ഡ് കവര്‍’ ഉപയോഗിച്ച് ഉപരോധിക്കാനുളള സര്‍ക്കാര്‍ തന്ത്രമാണ് സുപ്രീം കോടതി വിധിയിലൂടെ പൊളിഞ്ഞത്. സുപ്രീം കോടതി വിധി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊർജവും ആര്‍ജ്ജവവും പകരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മീഡിയ വണ്ണിന്റെ നിരോധനം നീക്കിയ സുപ്രീം കോടതി വിധി ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്നതാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സത്യം വിളിച്ചു പറയുന്ന, ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങളെ തകർക്കാനുള്ള നീക്കത്തിനേറ്റ വലിയ തിരിച്ചടിയാണ് സുപ്രിം കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
സത്യം വിളിച്ചു പറയുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്ന ഈ കാലഘട്ടത്തിൽ സുപ്രീം കോടതി വിധി ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
റിയാദ്: മീഡിയ വണ്ണിനെതിരെയുള്ള വിലക്ക് നീക്കാനുള്ള സുപ്രിംകോടതിയുടെ വിധി ഭരണഘടനയുടെ വിജയമാണെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. ആശങ്ക നിറഞ്ഞ കാലിക സാഹചര്യത്തിൽ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധി ഭരണഘടനക്കും ജനാധിപത്യത്തിനും കരുത്തും ബഹുസ്വരതയിൽ വിശ്വസിക്കുന്ന ഇന്ത്യൻ ജനതക്ക് സന്തോഷം പകരുന്നതുമാണ്.
ഭരണഘടനയെ നോക്കുകുത്തിയാക്കി രാജ്യത്ത് നടക്കുന്ന മറ്റു നീക്കങ്ങൾക്കും മുന്നറിയിപ്പ് നൽകുന്ന ഈ വിധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും വർക്കിങ് പ്രസിഡൻറ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ എന്നിവർ പറഞ്ഞു.
സമീപകാലത്ത് ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണി ചെറുതല്ല. സുതാര്യവും സുഗമവുമായ ഭരണവ്യവസ്ഥിതിക്കായി നേരും നെറിയും ചൂണ്ടിക്കാട്ടി ജനകീയ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ടുള്ള മാധ്യമ പ്രവർത്തനം അനിവാര്യമാണ്.
ഭരണഘടനാനുസൃതമായി മാധ്യമ ധർമം പാലിക്കുന്നത് തടയാനുള്ള നീക്കം ജനാധിപത്യ മൂല്യങ്ങളെ അപചയപെടുത്തുന്നതും ഫാഷിസ്റ്റ് ശൈലിയുമാണ്. വിമർശനങ്ങളെ വ്യവസ്ഥക്കെതിരായി മുദ്രകുത്തുന്ന കേന്ദ്രനീക്കം അപകടകരമാണെന്ന കണ്ടെത്തൽ ഇന്ത്യൻ നീതിപീഠത്തിൽ ജനങ്ങൾക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കും -പ്രസ്താവനയിൽ പറഞ്ഞു.
ഭരണകൂടത്തിന്റെ പോരായ്‌മകളെ ചൂണ്ടികാട്ടുന്നതും ആരോഗ്യകരമായ അഭിപ്രായങ്ങൾ പറയുന്നതും ഭരണഘടനയോടുള്ള ലംഘനമായി കാണുന്ന കാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധി സുപ്രധാനമാണെന്നും സംസ്ഥാന മുസ്ലിം ലീഗ് കൗൺസിൽ അംഗം കൂടിയായ അഷ്‌റഫ് വേങ്ങാട്ട് കൂട്ടിച്ചേർത്തു.
വിധി സ്വാഗതാര്‍ഹം -കേളി
റിയാദ്: രാജ്യത്ത് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ ശ്രമിക്കുന്നവർക്കേറ്റ പ്രഹരമായി മീഡിയവൺ വിലക്ക് നീക്കികൊണ്ടുള്ള സുപ്രിം കോടതി വിധിയെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. ജനാധിപത്യ അവകാശങ്ങളെ ഹനിച്ചു കൊണ്ട് എല്ലാം ദേശവിരുദ്ധമായി ചിത്രീകരിക്കുന്നവർക്കേറ്റ തിരിച്ചടിയായാണ് ജനാധിപത്യ വിശ്വാസികള്‍ ഇതിനെ കാണുന്നത്. മീഡിയവണ്ണിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിനേറ്റ തിരിച്ചടി -റിയാദ് കെ.എം.സി.സി
റിയാദ്: മീഡിയ വൺ ചാനലിന്റെ വിലക്ക് നീക്കികൊണ്ടുള്ള സുപ്രീം കോടതി വിധി രാജ്യത്ത് മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും കൂച്ച് വിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരഘടനാപരമായ അവകാശമാണ്. എന്നാൽ എതിർ ശബ്ദങ്ങളെ അധികാരമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഫാഷിസ്റ്റ് നീക്കങ്ങളെ തുറന്ന് കാട്ടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. വിധി ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ജനാധിപത്യത്തിന്റെ രജതരേഖയായി ഈ വിധി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദ്: അധികാരത്തിലുള്ളവരോട് സത്യം തുറന്നുപറയലാണ് മാധ്യമങ്ങളുടെ ദൗത്യമെന്ന സുപ്രീം കോടതി വിധി ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യം വർധിപ്പിക്കുന്നതായി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു. ജനാധിപത്യ വിശ്വാസികൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഈ ചരിത്ര വിധിയിൽ സന്തോഷിക്കും. വിയോജിക്കാനുള്ള ഇടം നഷ്ടമാവുമ്പോൾ, ഇളകുന്നത് ഇന്ത്യയുടെ അടിത്തറയാണ്.
അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്തുതി പാഠകരെ മാത്രമാണ് പഥ്യം. അവർക്കു പട്ടും വളയും കിട്ടും. ജീവൻ പണയം വെച്ച് സത്യം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് കത്രിക പൂട്ട് വീണാൽ പിന്നെ ആര് സത്യം പറയും? ദാരിദ്യ്രവും വർദ്ധിച്ചുവരുന്ന അസമത്വവും ഇന്ത്യയിലെ സാധാരണക്കാരൻ മറക്കുന്നത് തങ്ങൾക്ക് ഇന്ത്യൻ ജാനാധിപത്യത്തിന്റെ ആകാശത്തിന് കീഴിൽ കഴിയാൻ സാധിക്കുന്നു എന്നോർത്താണ്. അവർക്ക് ഈ ചരിത്ര വിധി പകരുന്ന ആശ്വാസം ചെറുതലെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദ്: നീതിനിഷേധങ്ങൾ കുമിഞ്ഞുകൂടുന്ന അനീതിയുടെ ഇക്കാലത്ത് ആശയുടെ പൊൻവെട്ടമായി പരമോന്നത നീതിപീഠത്തിന്റെ ഈ വിധിയെ കണക്കാക്കാമെന്ന് എഴുത്തുകാരി സബീന എം. സാലി അഭിപ്രായപ്പെട്ടു. ജനാധിപത്യവാദികൾക്ക് പുത്തനുണർവ് നൽകിക്കൊണ്ട് ഉറച്ച നിലപാടുകൾക്കുള്ള ഈ വിധി ചരിത്രത്തിെൻറ ഏടുകളിൽ പൊൻലിപികളാൽ രേഖപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ജുബൈൽ: മീഡിയ വൺ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തെയും സാക്ഷ്യപ്പെടുത്തുന്നതാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ഘടകം വാർത്താക്കുറിപ്പിൽ അറിയിച്ചു. നീതിക്കും നേരിനും വേണ്ടി നിലകൊള്ളുകയും പാർശ്വവത്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറുകയും ചെയ്ത മീഡിയവൺ ചാനലിന് അനുകൂലമായ ഈ വിധി രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.
ലോകത്തിെൻറ മുമ്പിൽ രാജ്യത്തിന് ജുഡിഷ്യറിയിലുള്ള വിശ്വാസം ഈ വിധി ശക്തിപ്പെടുത്തും. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ചേർന്നുനിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്നും പ്രവാസി വെൽഫെയർ പ്രസിഡൻറ് ഫൈസൽ കോട്ടയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.