ദമ്മാം: മീഡിയവണ്‍ മബ്റൂഖ് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാര സമർപ്പണ പരിപാടിക്ക് സൗദി അറേബ്യയിൽ സമാപനം. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കിഴക്കൻ പ്രവിശ്യയിലെ നൂറിലധികം വിദ്യാർഥിപ്രതിഭകളെ അൽഖോബാർ ഹാബിറ്റാറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ആദരിച്ചു.
കെ.എഫ്.യു.പി.എം സീനിയര്‍ പ്രഫസര്‍ സാദിഖ് സൈദ് മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലവും ജീവിതവും മാറിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും നാം പഠിച്ചുകൊണ്ടേയിരിക്കണമെന്ന് സ്വന്തം ജീവിതാനുഭവങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. തോൽവികളെ ജീവിതത്തിന്റെ പ്രചോദകരായി ഉൾക്കൊള്ളാനാണ് നാം ആദ്യം പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ രണ്ട് ക്ലാസുകളിൽ തോറ്റുപോയ തനിക്കുണ്ടായ വീണ്ടുവിചാരമാണ് തന്നെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിച്ചത്. 50 വർഷം നീണ്ട അനുഭസാക്ഷ്യങ്ങൾക്കപ്പുറവും താൻ ഇന്നും അറിവുകൾ തേടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇമാം അബ്ദുറഹ്മാന് ബിന്‍ ഫൈസല്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. അഷ്മ ഷമാഇല്‍ ശൈഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. മാറുന്ന കാലത്തിന്റെ അറിവുകൾക്കൊപ്പം സഞ്ചരിക്കാനുള്ള മാനസികനില കൈവരിക്കാനായാലേ വിജയം നേടിയെടുക്കാനാകൂ എന്ന് അവർ പറഞ്ഞു.
അറിവുകൾക്കൊപ്പം പ്രതീക്ഷകളും ആത്മവിശ്വാസവും ചേരുന്നതാണ് വിജയം. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ മാത്രമേ ഏത് പ്രതിസന്ധികളേയും മറികടക്കാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു. ഐ.ടി.എല്‍ ഇറാം ഗ്രൂപ് എം.ഡി റിസ്വാന് സഈദ്, മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കാട്, മിഡിലീസ്റ്റ് ഡയറക്ടര്‍ സലീം അമ്പലന്‍, സൗദി എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീര്‍, അല്‍മുന ഇൻറര്‍നാഷനല്‍ സ്കൂള്‍ പ്രിൻസിപ്പൽ കാസിം ഷാജഹാന്, അൽകൊസാമ ഇൻറര്‍നാഷനല്‍ സ്കൂള്‍ പ്രിൻസിപ്പൽ സൂസന് ഐപ്പ്, ഡ്യൂണ്‍സ് ഇൻറര്‍നാഷനല്‍ സ്കൂള്‍ പ്രതിനിധി ആമിര്ഖാന് എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
പ്രവിശ്യയിലെ വിവിധ സ്കൂളുകളില്‍നിന്ന് ഉന്നത വിജയം നേടിയ നൂറോളം വിദ്യാര്‍ഥികള്‍ പുരസ്കാരം ഏറ്റുവാങ്ങി. വിവിധ സ്കൂളുകള്‍ക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. പരിപാടിയുടെ മുഖ്യപ്രായോജകരായ നിഷ യൂനിഫോം, അല്‍വഫ ഹൈപ്പര്‍മാര്‍ക്കറ്റ്, ഐ.ഇ.എല്‍.ടി.എസ്, റെഡ്സ്റ്റാര്‍, സീ.ടെക്, ഹോളിഡേയ്സ് റസ്റ്റാറൻറ്, ഹാബിറ്റാറ്റ് ഹോട്ടല്‍, ഫ്രന്‍ഡി പാക്കേജ്, ഗ്ലോബല്‍ ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍ക്കുള്ള ബഹുമതി മീഡിയവണ്‍ സി.ഇ.എ റോഷന് കക്കാട് സമ്മാനിച്ചു. വിദ്യാഭ്യാസ മാധ്യമ, ബിസിനസ് രംഗത്തുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.