നാട്ടിൽനിന്ന് വരുമ്പോൾ ഒരുപകാരമാവട്ടെ എന്ന് കരുതി ആരെങ്കിലും തരുന്ന മരുന്നുകൾ ഒരു കാരണവശാലും കൊണ്ടുവരരുത്. ഓരോ രാജ്യത്തും നിരോധിക്കപ്പെട്ടതോ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോ ആയ മരുന്നുകൾ ഉണ്ട്. ആ മരുന്നുകൾ ആ രാജ്യത്തുതന്നെ കൈവശം വെക്കണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്.
അത്തരം മരുന്നുകളാണ് നിങ്ങൾ മറ്റൊരാൾക്ക് ഉപയോഗപ്പെട്ടോട്ടെ എന്നുകരുതി കൊണ്ടുവരുന്നതെങ്കിൽ നിങ്ങൾ പിടിക്കപ്പെട്ടാൽ ആ രാജ്യത്തെ മയക്കുമരുന്ന് കൈവശം വെച്ചാൽ ഉണ്ടാകുന്ന അതേ കുറ്റകൃത്യത്തിന് തുല്യമായ വധശിക്ഷ വരെ കിട്ടാവുന്ന ശിക്ഷക്ക് വിധേയമാകേണ്ടിവരും.
ഓരോ രാജ്യവും അതത് രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കാത്ത നിരോധിക്കപ്പെട്ടതോ മയക്കുമരുന്ന് വിഭാഗത്തിലോ നിയന്ത്രണം ഏർപ്പെടുത്തിയതോ ആയ മരുന്നുകൾ എന്നിവയുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഉൾപ്പെടുന്ന മരുന്നാണെങ്കിൽ ഒരു കാരണവശാലും കൊണ്ടുവരരുത്. കാരണം ഇവ ഉപയോഗിക്കുന്നതിന് ആവശ്യമായ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വേണം. അത്തരം രേഖകളിൽ ഏതെങ്കിലും തരത്തിൽ അവ്യക്തത ഉണ്ടെന്ന് കണ്ടാൽ നിങ്ങൾ കുറ്റക്കാരനാകും.
ചിലർ ചോദിക്കും, എന്റെ സ്വന്തം ഉപയോഗത്തിനല്ലേ എന്ന്. നിങ്ങളുടെ സ്വന്തം ഉപയോഗത്തിനോ അസുഖത്തിനോ ഒക്കെ ആവാം കൊണ്ടുവരുന്നത്. പക്ഷേ, അതിന് പരമാവധി മൂന്നുമാസത്തെ മരുന്നുകൾ മാത്രമേ കൊണ്ടുവരാവൂ.
അതിൽതന്നെ മുകളിൽ പറഞ്ഞ മയക്കുമരുന്നുകളുടെ ലിസ്റ്റിലോ നിയന്ത്രണം ഏർപ്പെടുത്തിയ ലിസ്റ്റിലോ ഉണ്ടെങ്കിൽ അവിടെ ഒരു ഡോക്ടറെ കാണിച്ചു വാങ്ങിക്കാവുന്നതേയുള്ളൂ. ഇത്തരം മരുന്നുകൾക്ക് എന്തുകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മനസ്സിലാക്കണം. പ്രധാന കാരണം, ദുരുപയോഗം തന്നെയാണ്. ഇങ്ങനെ കൊണ്ടുവരുന്ന പല മരുന്നുകളും ആ രാജ്യത്തുതന്നെ ദുരുപയോഗം കൂടിയതും അതിന് അടിപ്പെടുന്നതുമാണ്.
അങ്ങനെയുള്ളവയെ കർശന നിയന്ത്രണമുള്ള മരുന്നുകളുടെ പട്ടികയിൽപെടുത്തിയിട്ടുള്ളതാണ്. അവ കൈയിൽ വെക്കണമെങ്കിൽ ഡോക്ടറുടെ കുറിപ്പിന്റെ കോപ്പി ഉണ്ടായിരിക്കണം.
അങ്ങനെ കർശനനിയമം ഉള്ള നാട്ടിലേക്ക് ഒരു രേഖയുമില്ലാതെ മരുന്നുകൾ കൊണ്ടുവരുമ്പോൾ രോഗികൾ ശ്രദ്ധാലുക്കളായേ മതിയാകൂ. നിങ്ങൾക്ക് നാട്ടിൽനിന്ന് ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്നുകൾക്ക് തുല്യമായ മരുന്നുകൾ നിങ്ങൾ അധിവസിക്കുന്ന രാജ്യത്ത് ലഭ്യമാണെന്നിരിക്കെ പിന്നെ എന്തിനിങ്ങനെയുള്ള അപകടത്തിൽ ചാടുന്നു?
ഏതു രാജ്യത്തേക്കാണോ നിങ്ങൾ മരുന്നുകൾ കൊണ്ടുപോകുന്നത് എന്ന് കസ്റ്റമറോട് ചോദിച്ചറിയണം, കൊണ്ടുപോകുന്ന മരുന്നുകൾ പരമാവധി മൂന്നുമാസത്തേക്ക് മാത്രമേ അനുവദനീയമുള്ളൂ എന്ന് അവരെ അറിയിക്കണം.
ഡോക്ടറുടെ ഏറ്റവും പുതിയ കുറിപ്പടി ആവണം, ബിൽ ഉണ്ടാകണം, മയക്കുമരുന്ന് വിഭാഗത്തിൽ ഉൾപ്പെടുന്നവയല്ല എന്ന് ഉറപ്പുവരുത്തണം, മരുന്ന് സ്വന്തം ആവശ്യത്തിനാണോ എന്ന് ചോദിച്ച് മനസ്സിലാക്കണം, മറ്റുള്ളവർക്കാണേൽ അവരുടെ പാസ്പോർട്ട് കോപ്പി, വിദേശരാജ്യത്തെ ഐ.ഡി കാർഡിന്റെ കോപ്പി ഇവയെല്ലാം കൈവശം വെക്കാൻ നിർദേശിക്കണം.
ഇപ്പോൾ മരുന്നുകളുടെ ബോക്സ് പലതും തുറന്ന് പരിശോധിക്കുന്നുണ്ട്. പ്രശ്നമുള്ള മരുന്ന് വരുന്നവരുടെ അഡ്രസ്സിൽ എത്തിപ്പിടിക്കും. നമ്മുടെ രാജ്യത്തെപോലെ അല്ല, പല വിദേശ രാജ്യങ്ങളും. അവിടെ ഒരു ഗുളികയോ ലഹരി പദാർഥമോ പിടിച്ചാലും വധശിക്ഷയാണ് ശിക്ഷ എന്നോർക്കുന്നത് നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.