ഇഖാമയിലെ തൊഴിൽ മാറ്റിയതായി സന്ദേശം; തസ്തിക പുനഃക്രമീകരണത്തിന്റെ ഭാഗമെന്ന് വിവരം

ബുറൈദ: സൗദിയിലെ വിദേശ ജോലിക്കാരിൽ ചിലർക്ക് അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയ ​തസ്തികയിൽ മാറ്റം വരുത്തിയതായി സന്ദേശം ലഭിച്ചത് തസ്തികകളുടെ പുനഃക്രമീകരണം മൂലമാണെന്ന് വിവരം. രാജ്യത്തെ വിദേശികളുടെ തൊഴിലുകൾ അന്താരാഷ്ട്ര നയരേഖകൾക്ക് അനുസൃതമായി പുനഃക്രമീകരിക്കുന്ന നടപടിയിലാണ് സൗദി അധികൃതർ. ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ പ്രസിദ്ധീകരിച്ച ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻസ് ഓഫ് ഓക്യുപ്പേഷൻസ് (ഐ.എസ്.സി.ഒ-08) മാനദണ്ഡ പ്രകാരം തയാറാക്കിയ സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഓക്യുപ്പേഷൻസ് (എസ്.എസ്.സി.ഒ) അനുസരിച്ചാണ് നടപടി. സൗദി ഭരണകൂടം നിർദേശിച്ചതനുസരിച്ച് സാമൂഹിക മാനവശേഷി മന്ത്രാലയം, പാസ്പോർട്ട് ഡയറക്ടറേറ്റ്, സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ അതോറിറ്റി എന്നിവ സംയുക്തമായാണ് പുനഃക്രമീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

10 ഗ്രൂപ്പുകളിലായി 43 സബ് ഗ്രൂപ്പുകളും 130 മൈനർ ഗ്രൂപ്പുകളും 432 യൂനിറ്റുകളുമായി തരം തിരിച്ചാണ് പുതിയ ക്രമീകരണം. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ മുമ്പ് 3,000 ഓളം പ്രഫഷനുകളാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ സംവിധാനം അനുസരിച്ച് ഇത് 2015 ആയി ചുരുങ്ങിയിട്ടുണ്ട്. ലേബർ (ആമിൽ), സാധാരണ ലേബർ (ആമിൽ ആദി) തുടങ്ങിയ പ്രഫഷനുകൾ ഇതോടെ ഇല്ലാതായി. നിശ്ചിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന 'ലേബർ' എന്ന ഗണത്തിലേക്ക് ഇവ മാറും.

വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക പരിജ്ഞാനം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ മാത്രമേ ഇനിമുതൽ രാജ്യത്തേക്ക് റിക്രൂട്ട്‌മെന്റ് നടക്കൂ. നിലവിലുള്ള വിദേശജോലിക്കാർ തൊഴിൽ കരാർ പുതുക്കുന്ന വേളയിൽ ഇവയിലേതെങ്കിലും ഹാജരാക്കേണ്ടി വരുമോ എന്ന് വ്യക്തമല്ല. വിവിധ തൊഴിലുകൾ മാനദണ്ഡങ്ങൾ പ്രകാരം നിർവചിച്ചും തൊഴിൽ നിർവഹണ സ്വഭാവം വ്യക്തമാക്കിയും യോഗ്യതയും പരിചയ സമ്പത്തും നിഷ്കർഷിച്ചും മറ്റുമുള്ള പുതിയ ക്രമീകരണങ്ങൾ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും മാത്രമല്ല തൊഴിൽമേഖലയിലെ വിവരശേഖരണം എളുപ്പമാക്കാനും ലക്ഷ്യം വെച്ചുള്ളതാണ്.

വിദേശജോലിക്കാർക്ക് തങ്ങളുടെ പ്രഫഷൻ മാറിയതായി മൊബൈൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് തൊഴിലുടമ മുഖേനയും 'അബ്ശിർ' പോർട്ടൽ വഴിയും അന്വേഷണം നടത്തിയെങ്കിലും ഇഖാമയിൽ ഇവ മാറിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഡോക്ടർ, എൻജിനീയർ, സ്‌പെഷലിസ്റ്റ്, എക്സ്പെർട്ട്, സ്‌പെഷ്യലൈസ്ഡ് എക്സ്പെർട്ട്, കൺട്രോൾ ടെക്‌നിഷ്യൻ, ലേബർ, സാധാരണ ലേബർ എന്നീ എട്ട് വിഭാഗങ്ങളുടെ തൊഴിൽനാമം മാറുന്നതുമായി ബന്ധപ്പെട്ട അറിയിപ്പാണ് നൽകിയതെന്നാണ് ലഭ്യമായ വിവരം. നിലവിലുള്ള തൊഴിൽമാറ്റ ഫീസായ 2,000 റിയാൽ നൽകാതെയും ജീവനക്കാരന്റെ സമ്മതം കൂടാതെയും പുതിയ ക്രമീകരണം അനുസരിച്ചുള്ള പ്രഫഷനുകളിലേക്ക് 'ഖിവ' പോർട്ടൽ മുഖേന മാറാൻ തൊഴിൽ സ്ഥാപനങ്ങൾക്ക് അവസരമുണ്ട്. തൽക്കാലം ഈ പ്രക്രിയ 'തൊഴിൽ ശരിയാക്കൽ' ഗണത്തിൽ പെടുത്തിയിട്ടുള്ളത് കൊണ്ട് മാത്രമാണ് ഈ ആനുകൂല്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Tags:    
News Summary - Message of change of profession in Iqama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.