റിയാദ്: അവധിക്കാലത്തേക്ക് പ്രവേശിക്കുന്ന പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുംവേണ്ടി മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എം.ജി.എം) റിയാദ് ഘടകം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദിന്റെ വനിത വിഭാഗമാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്. രണ്ട് സെഷനുകളിലായി നടന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിയാദ് മീഡിയ ഫോറം പ്രതിനിധി നൗഫൽ പാലക്കാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. 'കുട നിവർത്താം, വാടാതിരിക്കാൻ' എന്ന പേരന്റിങ് സെഷനിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദാഈ സഹ്ൽ ഹാദി സംവദിച്ചു. 'ഹലോ ടു സമ്മർ' എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി നടന്ന എജുടൈൻമെന്റ് സെഷൻ പ്രമുഖ എജുടൈൻമെന്റ് ഫെസിലിറ്റേറ്ററും സ്കിൽ ഡെവലപ്പ്മെന്റ് െട്രയിനറും കൂടിയായ യതി മുഹമ്മദ് അലി നിയന്ത്രിച്ചു. ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂൾ അസീസിയയിൽ നടന്ന പരിപാടിയിൽ സ്കൂൾ ചെയർമാൻ ഷാജഹാൻ, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഘടകം പ്രസിഡന്റ് സിറാജ് തയ്യിൽ എന്നിവർ സംസാരിച്ചു. പ്രവാസികളായ നമ്മുടെ കുട്ടികളുടെ അവധിക്കാലം കൂടുതൽ ക്രിയാത്മകമാക്കി അവരെ സജീവമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് എം.ജി.എം നേതൃത്വം അറിയിച്ചു. പ്രസിഡന്റ് നൗഷില ഹബീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫർഹാന സ്വാഗതവും ട്രഷറർ നൗഫിദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.