റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിന-കേളി സോക്കർ 2024 സീസൺ 2 ഫുട്ബാൾ ടൂർണമെൻറിന് തുടക്കമായി. വ്യാഴാഴ്ചകളിൽ രാത്രി 11.30 ന് അൽഖർജിലെ യമാമ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ഒക്ടോബർ 10 വരെ നീളും. ആദ്യ മത്സരത്തിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്.സി റിയാദ് - ഫുട്ബാൾ ഫ്രണ്ട്സ് അൽ ഖർജുമായി ഏറ്റുമുട്ടും. രാത്രി 11 ന് ആരംഭിക്കുന്ന ചടങ്ങുകൾ കേളി കേന്ദ്ര പ്രസിഡൻറ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്യും.
14 ടീമുകളെ പങ്കെടുപ്പിച്ച് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരം നാലാഴ്ച നീളും. ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ 10ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.
റിയദ് ഇന്ത്യൻ ഫുട്‌ബാൾ അസോസിയേഷനിലെ റഫറി പാനൽ കളി നിയന്ത്രിക്കും. വിജയികൾക്കുള്ള പ്രൈസ് മണി മിന മാർട്ട് അൽഖർജും റണ്ണേഴ്‌സ് പ്രൈസ് മണി റൗള ഫാമിലി റസ്റ്റാറന്റും വിന്നേഴ്സ്, റണ്ണേഴ്‌സ് കപ്പുകൾ മുംതാസ് റസ്റ്റാറന്റുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
അബ്ദുൽ കലാം (ചെയർമാൻ), റാഷിദ് അലി ചെമ്മാട് (കൺവീനർ), മുക്താർ, മൻസൂർ ഉമർ (വൈസ് ചെയർമാൻമാർ), അബ്ദുൽ സമദ്, വേണുഗോപാൽ (ജോ. കൺവീനർമാർ), ജയൻ പെരുനാട് (സാമ്പത്തിക കമ്മിറ്റി കൺ.), രാമകൃഷ്ണൻ കൂവോട് (പബ്ലിസിറ്റി കൺ.) എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതി മത്സരങ്ങളുടെ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.