ജിദ്ദ: വേതന സംരക്ഷണ കാമ്പയിനുമായി സാമൂഹിക വികസന മന്ത്രാലയവും സോഷ്യൽ ഇൻഷുറൻസ് ജനറൽ ഓർഗനൈസേഷനും. 'വേതനം സംരക്ഷിക്കുക' എന്ന പേരിലാണ് ബിനാമി വിരുദ്ധ ദേശീയ സമിതിയുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ കരാർ ബന്ധത്തിലെ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് വേതന സംരക്ഷണ പരിപാടി ആരംഭിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്ത് വേതനം നൽകാനുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധത വർധിപ്പിക്കുന്നതിനുമാണിത്. തൊഴിൽ വിപണിയുടെ കാര്യക്ഷമതയും തൊഴിലാളികളുടെ ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ബിനാമി ഇടപാട്, വിസ കച്ചവടം, വ്യാജ സ്വദേശിവത്കരണം എന്നിവക്കെതിരെ പോരാടുന്നതിന് ദേശീയ സുരക്ഷയിലും സമ്പദ്വ്യവസ്ഥയിലുമുള്ള സ്വാധീനത്തിൽനിന്നാണ് 'വേതനം സംരക്ഷിക്കുക' എന്ന കാമ്പയിൻ ഉടലെടുത്തതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
സോഷ്യൽ ഇൻഷുറൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന വേതന ഡേറ്റയിലൂടെ ജീവനക്കാരുടെ വേതനം നൽകാനുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധത അളക്കാൻ വേതന സംരക്ഷണ സംവിധാനത്തിന് കഴിയുമെന്ന് 'മദാദ്' ഡയറക്ടർ ബോർഡ് ചെയർമാനും സോഷ്യൽ ഇൻഷുറൻസ് ജനറൽ ഓർഗനൈസേഷൻ ഇൻഫർമേഷൻ ടെക്നോളജി അസി. ഗവർണറുമായ എൻജി. അഹമ്മദ് അൽ ഇംറാൻ പറഞ്ഞു. തൊഴിൽ വിപണിയിലെ ബിനാമി ഇടപാടുകൾ പോലുള്ള തെറ്റായ സമ്പ്രദായങ്ങളെ ചെറുക്കുന്നതിനും പ്രത്യേകിച്ച് അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും ഈ കാമ്പയിൻ സഹായിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പരസ്പര അവകാശങ്ങൾ ഉറപ്പാക്കുന്നതിനും പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജീവനക്കാരുടെ വേതനം കൃത്യമായി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോ സ്ഥാപനവും ബോധവാന്മാരാണെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.