ജിദ്ദ: സൗദിയിൽ ബിനാമി ഇടപാട് നിരീക്ഷണം കർശനമാക്കാൻ തീരുമാനം. നിലവിൽ ബിനാമി ബിസിനസ് ഇടപാടുകൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ അനുവദിച്ച അവസരം ഉടൻ പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികളുണ്ടാകുമെന്നും സൗദി വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതർ വ്യക്തമാക്കി.
ബിനാമി ഇടപാടുകാർക്ക് പദവി ശരിയാക്കുന്നതിനുള്ള കാലാവധി 2022 ഫെബ്രുവരി 16ന് അവസാനിക്കും. പദവി ശരിയാക്കാനും ആനുകൂല്യങ്ങളിൽ നിന്ന് പ്രയോജനം നേടാനുമുള്ള വിലപ്പെട്ട അവസരമാണിത്. കാലാവധി അവസാനിച്ചാൽ വ്യത്യസ്ത ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച് പരിശോധനയുണ്ടായിരിക്കും. ഡാറ്റ വിശകലനം ചെയ്യുന്നതിലും നിയമലംഘകരെ പിടികൂടുന്നതിലും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുന്ന നൂതന രീതികൾ അവലംബിക്കുമെന്നും ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതർ പറഞ്ഞു.
അനുവദിച്ച കാലയളവിനുശേഷം കർശന നടപടികളുണ്ടാകും. ബിനാമി ഇടപാടിലേർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. നിയമവിരുദ്ധമായ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടുകയും ചെയ്യും.
പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവർ അതിനുള്ള അപേക്ഷ വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച് അവസരം പ്രയോജനപ്പെടുത്തുകയും നേട്ടങ്ങൾ നേടുകയും ചെയ്യണം. സംവിധാനത്തിൽ നിർദേശിച്ചിട്ടുള്ള പിഴകളിൽ നിന്നും ഇളവ് നൽകുക, ആദായ നികുതി മുൻകൂർ അടക്കുന്നതിൽ നിന്ന് ഒഴിവാക്കുക, സാമ്പത്തിക ഇടപാടുകൾ നിയമാനുസൃതമാക്കുക എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലുൾപ്പെടും.
സാമ്പത്തിക, വാണിജ്യ ബിസിനസുകളുടെ സുസ്ഥിരതയും വിപുലീകരണവും വളർച്ചയും വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ പദവികൾ ശരിയാക്കുന്നതിനുമാണ് ബിനാമി വിരുദ്ധ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. സൗദിയും വിദേശി സംരംഭകനും തമ്മിലുള്ള വ്യാപാര പങ്കാളിത്തം, സ്വദേശിയല്ലാത്ത വ്യക്തിയുടെ പേരിൽ വ്യാപാരം രജിസ്റ്റർ ചെയ്യൽ തുടങ്ങിയവ ശരിയാക്കാൻ ഇൗ അവസരത്തിൽ സാധിക്കും. വാണിജ്യ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റ്, രാജ്യത്തെ എല്ലാ മേഖലകളിലെയും വാണിജ്യ മന്ത്രാലയ ശാഖകളിലൂടെയും പദവി ശരിയാക്കൽ നടപടികൾക്ക് കഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.