ദമ്മാം: 'അവന്‍റെ സ്വത്തോ സമ്പാദ്യമോ ഒന്നും ഞങ്ങൾക്ക് വേണ്ട. അവനെയൊന്ന് കാണണം. എന്തിനാണ് അവൻ ഞങ്ങളെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന് ചോദിക്കണം', വിതുമ്പിക്കരഞ്ഞുകൊണ്ട് ആ ഉപ്പയും ഉമ്മയും പറഞ്ഞു. 16 വർഷം മുമ്പ് വീടുവിട്ടുപോയ മകനെതേടി എത്തിയിരിക്കുകയാണ് അവർ. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, അഞ്ചപ്പുര സ്വദേശികളായ കുന്നത്ത് വീട്ടിൽ ബീരാനും ഭാര്യ സൈനും. അവരുടെ മൂത്തമകൻ യാസിർ അരാഫത് (41) ദമ്മാമിലുണ്ടെന്ന് കേട്ടറിഞ്ഞാണ് വരവ്.
40 വർഷം പ്രവാസിയായിരുന്ന ബീരാൻ ഏഴ് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. യാസിർ അരാഫത് ഉൾപ്പടെ നാല് ആൺമക്കളാണ് ഇവർക്കുള്ളത്. കല്യാണം കഴിഞ്ഞ് അഞ്ചുവർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ലഭിച്ച കൺമണിയാണ് യാസിർ. അതുകൊണ്ട് തന്നെ ഏറെ വാത്സല്യവും കരുതലും നൽകിയാണ് വളർത്തിയത്. ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അന്ന് പഠിക്കാനയച്ചു. എന്നാൽ അവൻ പഠനം ഉഴപ്പി. പാതി വഴിയിൽ നിറുത്തി. ഇനിയെന്താണെന്ന് ആലോചിക്കാൻ നിന്നില്ല. ബീരാൻ മകനെ ഗൾഫിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവന് 22 വയസായിരുന്നു. എന്നാൽ ഒരു വർഷം ജോലിക്കൊന്നും പോകാതെ മുറിയിൽ തന്നെ ഇരുന്നു. അതിനുശേഷം ജോലിക്ക് കയറി. നാലുവർഷത്തിന് ശേഷമാണ് പിന്നെ നാട്ടിലെത്തുന്നത്. അപ്പോൾ വിവാഹം നടത്തി.
എന്നാൽ അത് വലിയ പരാജയമായിരുന്നു. ഏഴാം ദിവസം വധു വീട്ടിലേക്ക് മടങ്ങിപ്പോയി. അവർക്ക് മറ്റാരോ ആയി ബന്ധമുണ്ടായിരുന്നത്രെ. യാസിർ കേസ് കൊടുത്തു. പക്ഷെ വിവഹാമോചനമാണ് വധുവിന്റെ ഭാഗത്തുനിന്നുണ്ടായ ആവശ്യം. അത് ആവശ്യപ്പെട്ട് നിരന്തരം പൊലീസ് വീട്ടിൽ കയറിയിറങ്ങി. ഒടുവിൽ സഹികെട്ട് യാസറിന്‍റെ സമ്മതമില്ലാതെ ഉമ്മ മുൻകൈയെടുത്ത് വിവാഹ മോചന ഉടമ്പടി സമ്മതിച്ചു. ഇതോടെ യാസിർ വീട്ടിലേക്ക് വരാതായി. പിന്നീട് എവിടെയാണെന്ന് അറിയാതെയായി. രണ്ട് തവണ നാട്ടിൽ യാസിറിനെ കണ്ട കാര്യം ചിലർ അറിയിച്ചതനുസരിച്ച് അവനുള്ള സ്ഥലത്തുപോയി ഉപ്പയും ഉമ്മയും മകനെ കണ്ടു. ഇനി വീട്ടിലേക്കില്ല എന്നായിരുന്നത്രെ യാസിറിന്റെ നിലപാട്.
പിന്നീട് കുറെക്കാലമായി ഒരു വിവരവുമണ്ടായിരുന്നില്ല. അതിനിടയിലാണ് സൗദിയിലുണ്ടെന്ന് അറിഞ്ഞത്. എന്നാൽ ആരും ദമ്മാമിൽ അവനെ കണ്ടിട്ടില്ല.
നാട്ടുകർക്ക് പോലും അയാളെക്കുറിച്ച് അറിയുകയില്ല. യാസറിന്‍റെ ഒരു സഹോദരൻ റിയാദിലുണ്ട്. മറ്റൊരാൾ ഖത്തറിലും. യാസിറിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് സഹോദരൻ മാതാപിതാക്കൾ ദമ്മാമിലെത്തിയ വിവരം വിളിച്ചറിയിച്ചു. എന്നാൽ താൻ തിരക്കിലാണ് എന്ന മറുപടി നൽകി ഒഴിഞ്ഞുമാറുകയാണത്രെ.
ഇതിന് മുമ്പൊരിക്കൽ മാതാപിതാക്കൾ ഉംറക്കെത്തിയ സമയത്തും, പിതാവിന് കാലിന് വേദനയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തിരക്കിലാണ് എന്ന മറുപടിയാണത്രേ ലഭിച്ചത്. മാതാപിതാക്കളുടെ ദുഃഖമറിഞ്ഞ് 'ഗൾഫ് മാധ്യമം' ദമ്മാം ബ്യൂറോയിൽനിന്ന് ബന്ധപ്പെട്ടപ്പോഴും താൻ യാത്രയിലാണെന്ന മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു.
'അവന്‍റെ ഒരു സ്വത്തും ഞങ്ങൾക്ക് വേണ്ട. അവന് ഞങ്ങളെ വേണ്ടെങ്കിലും ഞങ്ങൾക്ക് അവനെ വേണം. ഞങ്ങളുടെ സ്വത്ത് വിഹിതവും അവനെ ഏൽപിക്കണം. ഇപ്പോൾ തീരെ വയ്യാതായിരിക്കുന്നു. എന്‍റെ മോനെ കണ്ടെത്താൻ സഹായിക്കണം' ബീരാൻ പറയുന്നു. യാസിർ എത്തുമെന്ന് അറിയുന്ന ഓരോ ഇടങ്ങളിലും പോയി ഈ വയോധിക ദമ്പതികൾ കാത്തുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ദമ്മാമിലെ ഒരു ഹോട്ടലിൽ യാസർ ഭക്ഷണം കഴിക്കാൻ എത്താറുണ്ടെന്നറിഞ്ഞ് രാത്രി വരെ അവിടെയും പോയി കാത്തിരുന്നു. 'ഗൾഫ് മാധ്യമം' വാർത്ത വായിക്കുന്നവർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബീരാനും സൈനുവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.