അബഹ: വിസ്മയക്കാഴ്ചകളുടെ ഉത്തുംഗഭൂമിയാണ് അസീർ അബഹയിലെ അൽസുദ പർവതനിരകൾ. അബഹ നഗരത്തിൽനിന്ന് 28 കിലോമീറ്റർ ചുരം കയറിയാൽ പ്രകൃതിസുന്ദര മലമ്പ്രദേശമായ അൽ സുദയുടെ ഉച്ചിയിലെത്താം. സമുദ്രനിരപ്പിൽനിന്ന് 3,015 മീറ്റർ ഉയരത്തിൽ പർവതങ്ങളാൽ വലയം ചെയ്തിരിക്കുന്ന ഹരിതാഭമായ പ്രദേശം സൗദിയിലെ ഏറ്റവും ഉയരം കൂടിയ കുന്നുകളിലൊന്നാണ്.
പ്രകൃതിരമണീയത ആസ്വദിക്കാനും അനുഗൃഹീത കാലാവസ്ഥ അനുഭവിക്കുവാനുമാണ് സന്ദർശകർ കാലവ്യത്യാസമില്ലാതെ ഇവിടെ എത്തുന്നത്. വർഷത്തിൽ ഏറക്കുറെ എല്ലാ കാലത്തും തണുപ്പനുഭവപ്പെടുന്ന പ്രദേശം കൂടിയാണിത്. ഈ പ്രദേശത്തേക്ക് പോകുമ്പോൾ മലയടിവാരത്തിലെ വളഞ്ഞുപുളഞ്ഞുള്ള റോഡിലൂടെയുള്ള യാത്രതന്നെ വ്യത്യസ്ത കാഴ്ചാനുഭവം ഒരുക്കുന്നു. റോഡ് കോടമഞ്ഞിൽ മറയുന്നു. മലക്കുമുകളിലൂടെ കോടമഞ്ഞ് ഒഴുകി നടക്കുന്നതും ചില ഭാഗങ്ങളിൽ അവ പതഞ്ഞുപൊങ്ങുന്നതുമായ കാഴ്ച അനുഭൂതിദായകമാണ്.
റോഡിനിരുവശവും കൊച്ചു കൊച്ചു തമ്പുകൾ അങ്ങിങ്ങായി കാണാം.
കുളിർമയാർന്ന കാലാവസ്ഥ അനുഭവിക്കാനും ചാരുതയേറിയ പ്രകൃതിഭംഗി നുകരാനും എത്തുന്ന സ്വദേശികൾക്ക് രാപാർക്കാൻ വേണ്ടിയാണിത് സംവിധാനിച്ചിട്ടുള്ളത്. അകലെ പച്ചപുതച്ചുനിൽക്കുന്ന മലനിരകളും കൃഷിയിടങ്ങളും കോടമഞ്ഞുകൾക്കിടയിലെ നേർത്ത കാഴ്ചയായി കാണാം. ആകാശവും ഭൂമിയും പരസ്പരം ലയിക്കുന്ന വേറി ട്ടൊരു പ്രതിഭാസമായി ഇവിടത്തെ ദൃശ്യങ്ങൾ കാണുമ്പോൾ നമുക്കു തോന്നാം. മൂടൽമഞ്ഞ് ഗിരിപ്രദേശത്തെ വലയം ചെയ്യുമ്പോൾ താഴെയുള്ള മലയടിവാരത്തെ ഗ്രാമീണ മേഖലകൾ മേഘത്തിൽ മുങ്ങിക്കിടക്കുന്നതായി സഞ്ചാരികൾക്ക് അനുഭവപ്പെടും.
സമയത്തിന്റെയും പ്രദേശത്തിന്റെയും പ്രകൃതിമാന്ത്രികത സമന്വയിപ്പിക്കുന്ന സൗദിയിലെ ഒരു പ്രദേശമാണ് അൽ സുദ.
മനം മയക്കുന്ന അതിശയകരമായ കാഴ്ചകളും സമാനതകളില്ലാത്ത സൗന്ദര്യവും ആവോളം ആസ്വദിക്കാനാണ് വിദേശരാജ്യങ്ങളിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഞ്ചാരികൾ ദിനേന ഇവിടെ എത്തുന്നത്.
കടുത്ത വേനൽകാലത്തുപോലും അൽസുദയിലെ കൂടിയ ചൂട് 15 ഡിഗ്രി സെൽഷ്യസിൽ നിൽക്കുന്നുവെന്നതും മരുഭൂവാസികളെ ആകർഷിക്കുന്ന മുഖ്യഘടകമാണ്. ടിക്കറ്റെടുത്ത് കേബിൾ കാർ ഉപയോഗിച്ച് യാത്ര ചെയ്താൽ അൽസുദയുടെ ആകാശക്കാഴ്ച കാണാം.
സൗദിയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സർവാത്ത്, തിഹാമ മലനിരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോപ് വേ (കേബിൾ-കാർ) സൗദിയിലെ ഏറ്റവും നീളം കൂടിയ റോപ് വേ കൂടിയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർ പാരാഗ്ലൈഡിങ് വഴി കാഴ്ചകൾ ആസ്വദിക്കുന്നതും അപൂർവമായി ഇവിടെ കാണാൻ കഴിയും.
കുടുംബസമേതം പ്രദേശം സന്ദർശിക്കുന്നവർക്ക് ആവശ്യമായ അത്യാവശ്യ സൗകര്യങ്ങളും കുട്ടി കൾക്കായുള്ള ചെറിയ പാർക്കുകളും അൽസുദ മലമ്പ്രദേശത്ത് സംവിധാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.