കാലിഗ്രഫിയിൽ വിസ്മയം തീർത്ത് മുഹമ്മദ്‌ ഹിസാം

റിയാദ്: ജന്മസിദ്ധമായ ചിത്രകലാവാസനയെ അറബിക് കാലിഗ്രഫിയിലേക്ക് തിരിച്ചുവിട്ട് മുഹമ്മദ് ഹിസാം. മൂവാറ്റുപുഴ പെഴക്കപ്പിള്ളി സ്വദേശിയായ ഹിസാം റിയാദ് അൽആലിയ സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. കുഞ്ഞുനാൾ മുതൽ വരയോട് കമ്പമാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാലിഗ്രഫിയിലേക്ക് ചുവടു മാറ്റിയത്. പിതാവ് നൽകിയ കാലിഗ്രഫി നോക്കി എഴുതി തുടങ്ങിയ ഹിസാം ഇപ്പോൾ നൂറിലേറെ ചെറുതും വലുതുമായ സൃഷ്ടികൾ പൂർത്തിയാക്കി. നിരവധി ചിത്രമെഴുത്തുകൾ പലരും നല്ല വിലകൊടുത്തു സ്വന്തമാക്കി. വലുതും ചെറുതുമായ കാൻവാസിലും പേപ്പറിലുമാണ് മനോഹരങ്ങളായ അറബിക് അക്ഷരങ്ങൾ എഴുതുക. എഴുതിയവ ചില്ലിട്ടു സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഒരു രചനക്ക് മൂന്നു മണിക്കൂർ മുതൽ മൂന്നു ദിവസം വരെ സമയമെടുക്കാറുണ്ട് എന്ന് ഹിസാം പറയുന്നു. എഴുത്തുകൾ കൂടുതലും അറബി ഭാഷയിലാണെങ്കിലും ഇംഗ്ലീഷിലും മലയാളത്തിലും മനോഹരമായി എഴുതാൻ ഹിസാമിന് കഴിയും. ഓറ ആർട്ടിക്രാഫ്റ്റ്‌ റിയാദ് മുറബ്ബയിലെ ലുലു അവന്യു മാളിൽ സംഘടിപ്പിച്ച എക്‌സിബിഷനിൽ ഹിസാമിെൻറ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നടന്ന പല എഴുത്തു മത്സരങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇപ്പോൾ ഖുർആൻ പകർത്തി എഴുതുന്ന തിരക്കിലാണ്. ഒർജിനൽ ഖുർആനും ഹിസാമിെൻറ കൈപ്പടയിൽ എഴുതിയ ഖുർആനും തമ്മിൽ തിരിച്ചറിയുക പ്രയാസമാണ്. മൂന്നു മാസം കൊണ്ടു ഒരു ജുസുഅ് വരെ എഴുതി കഴിഞ്ഞു. കഴിവ് തിരിച്ചറിഞ്ഞ സൗദിയിലെ പ്രശസ്ത കാലിഗ്രാഫറയ അബ്ദുൽ ബാസിത് ഹിസാമിന് എഴുത്തിനുവേണ്ട പിന്തുണ നൽകുന്നുണ്ട്. എഴുത്തിെൻറ മനോഹാരിത വർധിപ്പിക്കാൻ സ്കൂളിലെ ചിത്രകലാ അധ്യാപകൻ ആർട്ടിസ്റ്റ് ജയശങ്കർ നിർദേശങ്ങൾ നൽകാറുണ്ട്.

റിയാദ് മലസിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മുജീബ് മൂലയിൽ ആണ് പിതാവ്. മോഡേൺ ഇൻറർനാഷനൽ സ്കൂളിലെ അധ്യാപിക അസീനയാണ് മാതാവ്. മിൻഹ മുജീബ് ഏക സഹോദരി. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡിൽ മുഹമ്മദ്‌ ഹിസാമിെൻറ അക്ഷരവേലകൾ ഇടംപിടിച്ചിട്ടുണ്ട്. പൈലറ്റ് ആവുക എന്നതാണ് പതിനഞ്ചുകാരനായ മുഹമ്മദ്‌ ഹിസാമിെൻറ മോഹം.

Tags:    
News Summary - Muhammad Hisam Calligraphy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.