റിയാദ്: മുസാഹ്മിയ കെ.എം.സി.സി കമ്മിറ്റി രൂപവത്കരിച്ചതിന്റെ 12ാം വാർഷികം ആഘോഷിച്ചു. ‘അഹ്ലൻ 12’ എന്ന പേരിൽ മുസാഹ്മിയ ആരിഫ് ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പൊതുസമ്മേളനം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
മുസാഹ്മിയ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷത വഹിച്ചു. ‘ബഹുസ്വരതയുടെ സൗന്ദര്യം’ എന്ന വിഷയത്തിൽ പാലക്കാട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി വി.എം. മുഹമ്മദാലി മാസ്റ്റർ പ്രഭാഷണം നിർവഹിച്ചു.
ഭാരതത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. നിരവധി മതങ്ങൾക്ക് ജന്മം നൽകുകയും അനവധി മതങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഉദ്യാനസമാനമായ നമ്മുടെ മണ്ണിൽ വിഷം കലർത്തുന്ന ഫാഷിസ്റ്റുകൾ നമ്മുടെ ജീവശ്വാസമാണ് ഇല്ലാതാക്കുന്നത്.
രാജ്യത്തിന്റെ ഏറ്റവും അമൂല്യമായ മതേതരത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കണമെന്നും മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യയെ നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘പ്രവാസ ലോകത്ത് കെ.എം.സി.സിയുടെ പ്രസക്തി’ എന്ന വിഷയത്തിൽ സത്താർ താമരത്ത് പ്രഭാഷണം നിർവഹിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ.
വെൽഫെയർ വിങ് അംഗം ഉമർ അമാനത്ത്, മുസാഹ്മിയ എസ്.ഐ.സി പ്രസിഡന്റ് കുഞ്ഞലവി ഹാജി മച്ചിങ്ങൽ, ഒ.ഐ.സി.സി പ്രസിഡന്റ് ജയൻ മാവിള, ഐ.സി.എഫ് വൈസ് പ്രസിഡൻറ് ഷുക്കൂർ സഖാഫി, സ്നേഹ സംഗമം സെക്രട്ടറി സുബൈർ ഈരാറ്റുപേട്ട, പി.കെ. ഷുഹൈബ് വേങ്ങര, സ്വദേശി പൗരൻ മുഹമ്മദ് ഫലാഹ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ. സുബൈർ ചുഴലി സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദാലി ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി റിയാദ് വന്ദനം ഓർക്കസ്ട്രയുടെ ഇശൽ നൈറ്റും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഭാരവാഹികളായ ആബിദ് പുത്തൂർ, റഫീഖ് വേങ്ങര, ശുഹൈബ് പെരിന്തൽമണ്ണ, സിദ്ദീഖ് കൊണ്ടോട്ടി, യൂസഫ് കുന്നപ്പള്ളി, അനസ് ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.