മക്ക: ഹജ്ജിനെത്തുന്ന തീർഥാടകർ അറഫയിലെ നിൽക്കൽ കഴിഞ്ഞാൽ സൂര്യാസ്തമയത്തിനുശേഷം പിന്നീട് പോകുന്ന ഇടമാണ് മുസ്ദലിഫ. അറഫയുടെയും മിനയുടെയും ഇടയിലുള്ള സ്ഥലമാണ് മുസ്ദലിഫ. നാലു കിലോമീറ്റർ നീളവും12.25 മീറ്റർ വിസ്തൃതിയുമാണ് ഈ പ്രദേശത്തിനുള്ളത്. മിനയിലെ ജംറയിൽനിന്ന് മുസ്ദലിഫയിലേക്ക് മൂന്നു കിലോമീറ്റർ ദൂരമാണുള്ളത്. അറഫയുടെ അതിർത്തിയിലുള്ള നമിറ പള്ളിയിലേക്ക് മുസ്ദലിഫയിൽനിന്ന് ഏഴു കിലോമീറ്ററാണ് ദൂരം. മിനയും മുസ്ദലിഫയും മുൻകാലങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളായിരുന്നു. എന്നാൽ, ജനത്തിരക്ക് കാരണം രണ്ടിെൻറയും അതിർത്തി വികസിപ്പിക്കേണ്ടിവന്നു. ഇപ്പോൾ രണ്ടും വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. മുസ്ദലിഫ മുതൽ മിന വരെയുള്ള പ്രദേശങ്ങളിൽ വിശാലമായ പന്തൽ നിർമിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഏത് ഇടങ്ങളിലും ഹാജിമാർക്ക് ഇവിടെ രാത്രി വിശ്രമിക്കാം.
ആദമും ഹവ്വയും സംഗമിച്ച സ്ഥലമായതുകൊണ്ട് 'അടുത്ത്' എന്ന അർഥത്തിൽ 'ഇസ്ദലിഫ' എന്ന പദത്തിൽ നിന്നാണ് 'മുസ്ദലിഫ' എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ദൈവത്തിെൻറ സാമീപ്യം നേടുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് ആ പേര് വന്നതെന്നും അഭിപ്രായമുണ്ട്. രാത്രിയോട് അടുത്ത സമയത്ത് ഹാജിമാർ മുസ്ദലിഫയിൽ എത്തുന്നതിനാൽ ആ സമയത്തിന് അറബിയിൽ പറയുന്ന 'സുലഫ്' എന്ന പദത്തിൽനിന്നാണ് മുസ്ദലിഫ എന്ന പേരുണ്ടായതെന്നും കരുതുന്നവരുമുണ്ട്. മുസ്ദലിഫക്ക് 'ജംഅ്' എന്ന ഒരു പേരുകൂടിയുണ്ട്. തീർഥാടകർ അവിടെ ഒരുമിച്ചുകൂടുന്നതുകൊണ്ടോ അല്ലെങ്കിൽ ആദമും ഹവ്വയും ഒരുമിച്ചുകൂടിയ പ്രദേശമായതുകൊണ്ടോ അതുമല്ലെങ്കിൽ ഹാജിമാർ ദുൽഹജ്ജ് ഒമ്പതിന് രാത്രി രണ്ടു നേരത്തെ നമസ്കാരങ്ങൾ ഒരുമിച്ചു നിർവഹിക്കുന്നതുകൊണ്ടോ ആവാം ഈ പേര് വന്നതെന്നും അഭിപ്രായമുള്ളവരുണ്ട്.
അറഫയിലെ സംഗമത്തിനുശേഷം പ്രഭാതം വരെ ഹാജിമാർ പിന്നീട് മുസ്ദലിഫയിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. അതിനുശേഷം സൂര്യന് ഉദിക്കുന്നതിനു മുമ്പായി മുസ്ദലിഫയില്‍നിന്ന് വീണ്ടും തീർഥാടകർ മിനയിലേക്ക് പുറപ്പെടും. മുസ്ദലിഫക്ക് ഖുർആൻ പ്രയോഗിച്ച പദം 'മശ്അറുൽ ഹറാം' എന്നാണ്. മുസ്ദലിഫയിലെ ഖുസഅ് എന്ന കുന്നിനു താഴെയാണ് മശ്അറുല്‍ ഹറാം. ഇവിടെ 'മശ്അറുല്‍ ഹറാം' എന്ന പേരിൽ ഒരു പള്ളിയുമുണ്ട്. മുസ്ദലിഫയിലെ അഞ്ചാം നമ്പർ റോഡിനു സമീപമാണ് ഇതുള്ളത്. 5040 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയില്‍ 12,000 പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രവാചകന് ഹജ്ജിെൻറ സമയത്ത് രാത്രി താമസിച്ച സ്ഥലത്ത് പിന്നീട് നിര്‍മിച്ചതാണ് ഈ പള്ളി. മുസ്ദലിഫയിൽ എവിടെയും ഹാജിമാർക്ക് താമസിക്കുകയും പ്രാർഥിക്കുകയും ചെയ്യാം. 'നിങ്ങള്‍ അറഫയില്‍നിന്നു പുറപ്പെട്ടാല്‍ മശ്അറുല്‍ ഹറാമിനടുത്ത് തങ്ങി ദൈവത്തെ സ്മരിക്കുവിന്‍' എന്ന് ഖുർആൻ പറഞ്ഞത് ഇതിനെക്കുറിച്ചാണ്. മശ്അറുല്‍ ഹറാം എന്നതു കൊണ്ട് മുസ്ദലിഫ മുഴുവനുമാണ് ഉദ്ദേശ്യമെന്ന് ഇബ്നു ഉമറി പോലുള്ള പ്രമുഖർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മശ്അറുല്‍ ഹറാം എന്നും മുസ്ദലിഫക്ക് പേരുള്ളതായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.