റിയാദ്: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ വീണ്ടും ഖുർആനെ അവഹേളിച്ച സംഭവത്തിൽ ലോക വ്യാപക പ്രതിഷേധം. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുംവിധം വേദഗ്രന്ഥത്തെ അവഹേളിക്കുന്നതിൽ മുസ്ലിം രാജ്യങ്ങളും സംഘടനകളും വെള്ളിയാഴ്ച ശക്തമായ വിയോജിപ്പും പ്രതിഷേധവും അറിയിച്ചു. സംഭവത്തിൽ രോഷാകുലരായ ആയിരങ്ങൾ വെള്ളിയാഴ്ച മധ്യാഹ്ന പ്രാർഥനക്ക് ശേഷം പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി.
ഖുർആനെ അവഹേളിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ സ്വീഡിഷ് അംബാസഡർമാരെ വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധമറിയിച്ചു. ഖുർആന്റെ പകർപ്പുകൾ കത്തിക്കാൻ തീവ്രവാദികൾക്ക് ഭരണകൂടം വീണ്ടും അവസരം നൽകുന്നതിൽ ശക്തമായ പ്രതിഷേധമാണ് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. സ്റ്റോക്ക്ഹോമിലെ ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കോപ്പി നശിപ്പിച്ച സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ശക്തമായ ഭാഷയിൽ അപലപിച്ചു.
അപകീർത്തിപ്പെടുത്തുക എന്ന നിന്ദ്യമായ പ്രവൃത്തിക്ക് ഭയാനകമായ അനന്തരഫലങ്ങൾ ഉണ്ടായേക്കുമെന്നിരിക്കെ സ്വീഡിഷ് അധികൃതർ വീണ്ടും ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകുന്നതിൽ അദ്ദേഹം ആശ്ചര്യവും നിരാശയും പ്രകടിപ്പിച്ചു. ഇക്കാര്യത്തിലെ അന്താരാഷ്ട്ര നിയമങ്ങൾ ഓർമിപ്പിച്ച ഹുസൈൻ താഹ അപമാനകരവും പ്രകോപനം സൃഷ്ടിക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ തടയണമെന്ന് സ്വീഡിഷ് അധികൃതരോട് ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഹീനവും അസ്വീകാര്യവുമായ ഇത്തരം നടപടികൾ തടയണമെന്നും കുറ്റക്കാർക്കെതിരെ ഗൗരവവും മാതൃകപരവുമായ നടപടി അടിയന്തരമായി സ്വീകരിക്കാൻ സ്വീഡിഷ് അധികൃതർ തയാറാകണമെന്നും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് കർശന നടപടികളാണ് ഇറാഖ് കൈക്കൊണ്ടത്.
പ്രധാനമന്ത്രി മുഹമ്മദ് ഷിയാഅ അൽ സുദാനി ഇറാഖിലെ സ്വീഡിഷ് സ്ഥാനപതിയെ പുറത്താക്കുകയും സ്വീഡനിലെ ഇറാഖ് അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. സ്വീഡിഷ് ടെലികോം കമ്പനിയായ ‘എറിക്സണി’ന്റെ ഇറാഖിലെ പ്രവർത്തനങ്ങൾ മരവിപ്പിക്കുകയും ചെയ്തു. സമാനസംഭവം ഇനിയും ആവർത്തിച്ചാൽ നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും ഇറാഖ് നൽകിയിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ല ഇറാഖ് മാതൃക പിന്തുടരാനും സ്വീഡിഷ് സ്ഥാനപതിമാരെ പുറത്താക്കാനും അറബ്, മുസ്ലിം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
വിശുദ്ധ ഗ്രന്ഥത്തിന് നേരെയുണ്ടായ നീക്കത്തെ നിന്ദ്യമായ നടപടിയെന്ന് വിശേഷിപ്പിച്ച തുർക്കിയ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സ്വീഡിഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വിദ്വേഷം വളർത്തുന്ന ‘ഇസ്ലാമോഫോബിക്’ ആയ നടപടിയെ ജോർഡൻ ശക്തിയായി അപലപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയം തെഹ്റാനിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ഇറാനിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറലിന് കത്തെഴുതി. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഒമാൻ അധികൃതർ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
സ്വീഡനിലെ 37കാരനായ ക്രിസ്ത്യൻ ഇറാഖി അഭയാർഥി സൽവാൻ മോമികയാണ് ജൂൺ 28ലെ ഖുർആൻ കത്തിക്കലും തുടർന്ന് കഴിഞ്ഞയാഴ്ചയിലെ അവഹേളിക്കലും ആസൂത്രണം ചെയ്തത്. ഇതിന് സ്റ്റോക്ക്ഹോമിലെ പൊലീസ് അധികൃതർ അനുമതി നൽകിയതാണ് ലോക വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.