ജിദ്ദ: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്നു മുതൽ തീരുമാനം പ്രാബല്യത്തിലായെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള സ്വദേശി യുവതി-യുവാക്കൾക്ക് പ്രോത്സാഹനാജനകവും ഉൽപ്പാദനപരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്. ആഭ്യന്തര തൊഴിൽ വിപണിയിൽ സ്വദേശി പങ്കാളിത്തം വർധിപ്പിക്കുന്നതോടൊപ്പം നിലവാരം ഉയർത്തുകയും സമ്പദ്വ്യവസ്ഥയിൽ അവരുടെ സംഭാവന ഉയർത്തുകയെന്നതും ലക്ഷ്യമാണ്.
സെയിൽസുമായി ബന്ധപ്പെട്ട് തസ്തികകളിൽ സ്വദേശിവത്കരണം 15 ശതമാനം വർധിപ്പിക്കുന്നതാണ് പുതിയ നടപടി. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്പെഷലിസ്റ്റ്, ഹോൾസെയിൽ സെയിൽസ് മാനേജർ, ഐ.ടി ഉപകരണങ്ങളുടെ സെയിൽസ് സ്പെഷലിസ്റ്റ്, സെയിൽസ് റപ്രസന്റേറ്റീവ് എന്നീ തൊഴിലുകളാണ് സ്വദേശിവത്കരണത്തിലുൾപ്പെടുന്നത്. സെയിൽസ് മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.
പ്രൊക്യുർമെന്റ് തസ്തികകളിൽ 50 ശതമാനമാണ് സ്വദേശിവത്കരണം. പർച്ചേസിങ് മാനേജർ, പർച്ചേസിങ് റപ്രസന്റേറ്റീവ്, കോൺട്രാക്ട് മാനേജർ, ടെൻഡർ സ്പെഷലിസ്റ്റ്, പർച്ചേസിങ് സ്പെഷലിസ്റ്റ് എന്നീ പ്രധാന ജോലികൾ സ്വദേശിവത്കരണത്തിലുൾപ്പെടും. മൂന്നോ അതിലധികമോ ജീവനക്കാർ പ്രൊക്യുർമെന്റ് തൊഴിലുകളിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകമാകുക.
പ്രോജക്ട് മാനേജ്മെന്റ് തൊഴിലുകൾ ആദ്യഘട്ടമെന്ന നിലയിൽ 35 ശതമാനമാണ് സ്വദേശിവത്കരിക്കുന്നത്. പ്രോജക്ട് മാനേജ്മെന്റ് മാനേജർ, പ്രോജക്ട് മാനേജ്മെന്റ് സ്പെഷലിസ്റ്റ്, പ്രോജക്ട് മാനേജർ, പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് സ്പെഷലിസ്റ്റ്, കമ്യൂണിക്കേഷൻസ് പ്രോജക്ട് മാനേജർ, ബിസിനസ് സർവിസ് പ്രോജക്ട് മാനേജർ എന്നി പ്രധാന തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത് 40 ശതമാനമായി ഉയർത്തും. പ്രോജക്ട് മാനേജ്മെന്റ് വിഭാഗത്തിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള മുഴുവൻ സ്ഥാപനങ്ങൾക്കുമാണ് തീരുമാനം ബാധകമാകുന്നത്.
സ്വദേശിവത്കരണ തീരുമാനങ്ങൾ പാലിക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ തദ്ദേശീയ ഉദ്യോഗാർഥികളെ കണ്ടെത്തി നിയമിക്കുന്നതിനും വേണ്ടി ഒരു പദ്ധതി മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. തദ്ദേശീയരായ യുവതി യുവാക്കൾക്ക് ഈ മേഖലകളിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ അക്കാദമിക്, സാങ്കേതിക യോഗ്യതയും വൈദഗ്ധ്യത്തിനുള്ള പരിശീലനവും നേടാൻ വേണ്ട പരിപാടികൾ മന്ത്രാലയം നടത്തിവരുന്നുണ്ട്. ഒപ്പം അനുയോജ്യമായ തൊഴിലാളികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും ആവശ്യമായ സൗകര്യവും പിന്തുണയും മന്ത്രാലയം പദ്ധതിയുടെ ഭാഗമായി ഒരുക്കും.
സ്വദേശിവത്കരണത്തെ പിന്തുണക്കാനായി ആവിഷ്കരിച്ച പ്രോഗ്രാമുകളിൽ നിന്നും പ്രയോജനം നേടാനും ഇത്തരം സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് (ഹദാഫ്) വഴിയുള്ള പിന്തുണ പ്രോഗ്രാമുകളും ലഭ്യമാക്കുമെന്നും മന്ത്രാലയം പറഞ്ഞു. സെയിൽസ്, പർച്ചേസിങ്, പ്രൊജക്ട് മാനേജ്മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളുണ്ടാവും. ഏപ്രിലിലാണ് സെയിൽസ്, പർച്ചേസിങ്, പ്രൊജക്ട് മാനേജ്മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം സംബന്ധിച്ച പ്രഖ്യാപനം മന്ത്രാലയം നടത്തിയത്. ഘട്ടങ്ങളായാണ് ഇവ നടപ്പാക്കുകയെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.