റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ, വിദേശ സ്കൂളുകളിൽ സ്വദേശി മാനേജരെ നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിജ്‌റ പുതുവർഷം (ആഗസ്റ്റ് 20) മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. സ്കൂൾ മാനേജരായി നിയമിക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് ആവശ്യമായ യോഗ്യതകൾ എന്താണെന്നും മന്ത്രാലയം വിശദമാക്കി.
സ്വദേശി പൗരനാകണം, ബിരുദധാരിയാകണം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുണ്ടാകണം, വിദ്യാഭ്യാസ രംഗത്ത് നാല് വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം, സ്കൂൾ മാനേജർ ജോലിയല്ലാത്ത മറ്റു ജോലിയിൽ നിയമിതനായ ആളാവരുത്, പ്രവൃത്തി സമയം മുഴുവൻ സ്കൂളിൽ ഉണ്ടായിരിക്കണം, വിദേശ അന്താരാഷ്ട്ര സ്കൂളാണെങ്കിൽ സ്കൂളിെൻറ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ഭാഷ ഏതാണോ ആ ഭാഷയിൽ പരിജ്ഞാനമുണ്ടായിരിക്കൽ എന്നിവയാണ് യോഗ്യതകൾ.
വിദ്യാഭ്യാസ പരിശീലനം ലഭിച്ച, ഡിപ്ലോമ കൂടി ഉള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥിയുടെ അപേക്ഷ സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്താലയത്തിന് സമർപ്പിക്കണം. സ്കൂളിെൻറ ചെലവിൽ മന്ത്രാലയമാണ് നിയമനം നടത്തുക. ഒരു അധ്യയന വർഷത്തേക്ക് പരിശീലനാടിസ്ഥാനത്തിലാണ് ആദ്യ നിയമനം നടത്തുക. ജോലി സംതൃപ്തമാണെങ്കിൽ കരാർ പുതുക്കും.
മന്ത്രാലയത്തിെൻറ വിലയിരുത്തലിൽ 80 ശതമാനത്തിൽ കുറഞ്ഞ പോയിൻറ് ലഭിക്കുകയോ, മന്ത്രാലയത്തിെൻറ നിയമത്തിനോ സ്കൂളിെൻറ നടത്തിപ്പിനോ നിരക്കാത്ത പ്രവർത്തനങ്ങളോ, ഉത്തരവാദിത്തത്തിൽ വീഴ്ചയോ സംഭവിച്ചാൽ ജോലിയിൽ തുടരാനാവില്ല. നിയമ, സുരക്ഷാ പ്രശ്നങ്ങളിൽ പ്രതികളായവരെയും ജോലിയിൽ നിന്ന് ഒഴിവാക്കും.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കോ പ്രത്യേക വിദ്യാഭ്യാസമോ നൽകുന്ന സ്ഥാപനത്തിലെ മാനേജർ അതേ വിഷയത്തിൽ ബിരുദമെടുത്തയാളായിരിക്കണെമെന്നും നിബന്ധനയുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പുതിയ തീരുമാനത്തോടെ 4,000 സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കാനിരുന്ന നിയമം, സ്വകാര്യ, വിദേശ വിദ്യാലയങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താനായി സാവകാശം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.