മോമിന കാത്തൂന്റെ ഭർത്താവ്, മകൻ, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ വിമാനത്താവള ഉദ്യോഗസ്ഥനോടൊപ്പം

മോമിന ഖാതൂന്റെ ജീവന് വേണ്ടി അടിയന്തിര ലാൻഡിങ്; ഹജ്ജ് സ്വപ്നം ബാക്കിയാക്കി അവർ വിട പറഞ്ഞു

റിയാദ്: ബിഹാറിൽ നിന്ന് മദീനയിലേക്കുള്ള ഹജ്ജ് യാത്രക്കിടയിൽ ശ്വാസതടസ്സം നേരിട്ട യാത്രക്കാരിക്ക് അടിയന്തിര ചികിത്സ നൽകാൻ വിമാനം റിയാദ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ സ്വദേശിനി മോമിന  ഖാതൂനെ (69) യാണ് അടിയന്തിര ചികിത്സ നൽകാനായി മദീനയിലേക്കുള്ള വിമാനം അനുമതി തേടി റിയാദിൽ ഇറക്കിയത്.

മെയ് 12ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഫ്‌ളൈ അദീലിന്റെ F3 6047 ഹജ്ജ് വിമാനത്തിൽ മകനും ഭർത്താവിനുമൊപ്പമാണ് മോമിന ഹജ്ജിന് പുറപ്പെട്ടത്.

യാത്ര ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ ഖാതൂമിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ആശ്വാസം കാണാതെ വന്നപ്പോൾ വിമാനത്തിലെ ക്രൂവിനെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ ആവശ്യമാണെന്ന് ഉറപ്പായപ്പോൾ ക്യാപ്റ്റൻ യാത്ര മധ്യേ റിയാദിൽ അടിയന്തിര ലാൻഡിങ്ങിന് അനുമതി തേടി. രോഗിയുടെ ആരോഗ്യ അവസ്ഥയും വിമാനത്താവള അധികൃതരെ അറിയിച്ചു.

യാത്രക്കാരിയുടെ രോഗവിവരത്തെക്കുറിച്ച് ക്രൂ കൈമാറിയ വിവരമനുസരിച്ച് വിമാനം ലാൻഡ് ചെയ്ത ഉടനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും റിയാദ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ഉടനെ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിമാനത്താവളത്തിൽ നിന്ന് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചതിനെത്തുടർന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാടെത്തി തുടർനടപടിക്കുള്ള സഹായങ്ങൾ നൽകി. ഖബറടക്കം ഇന്ന് റിയാദിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. മോമിനയോടൊപ്പം യാത്രയിലുണ്ടായിരുന്ന ഭർത്താവും മകനും റിയാദിൽ തുടരുകയാണ്. ഖബറടക്കത്തിന് ശേഷം അവർ മദീനയിലേക്ക് മടങ്ങും. ഹജ്ജ് ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെയാണ് മോമിന വിട പറഞ്ഞത്. അടിയന്തിര സാഹചര്യത്തിൽ വിമാന ജീവനക്കാരും വിമാനത്താവള അധികൃതരും എംബസിയും സാമൂഹിക പ്രവർത്തകരും നൽകിയ പിന്തുണക്കും സഹായത്തിനും മോമിനയുടെ ഭർത്താവ് മുഹമ്മദ് സദറുൽ ഹഖ്, മകൻ മുഹമ്മദ് മിറാജ് എന്നിവർ നന്ദിയറിയിച്ചു.

Tags:    
News Summary - Native of Bihar died dream of Hajj behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.