ദമ്മാം: മലയാളിയെ ദമ്മാമിൽ കാണാതായി. തുഖ്ബയിലെ റിയാദ് സ്ട്രീറ്റിൽ ഏ.സി മെയിൻറനൻസ് കട നടത്തുന്ന തിരുവനന്തപുരം, വിഴിഞ്ഞം, മുല്ലൂർ സ്വദേശി അനിൽ നായരെ (51) ആണ് കാണാതായത്. ആരോടും പറയാതെ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായ ഇദ്ദേഹത്തെ കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സ്റ്റേഷൻ, ആശുപത്രി, ജയിൽ തുടങ്ങി എല്ലായിടങ്ങളിലും അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാതായതോടെ സഹായം തേടി ഭാര്യ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്. തിരോധാനത്തിൽ ദുരൂഹത ഏറുകയാണ്. താമസസ്ഥലം പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ഒരു സുഹൃത്തിന്റെ കൈയ്യിൽ മുറിയുടെ താക്കോൽ കൊടുത്തിരുന്നൂ. സ്പോൺസറുടെ സാന്നിധ്യത്തിൽ മുറിതുറന്ന് പരിശോധിച്ചപ്പോൾ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ അവിടെതന്നെ ഉണ്ടെന്ന് കണ്ടെത്തി.
പെരുന്നാൾ അവധി കഴിഞ്ഞ് കട തുറന്നിട്ടും ആൾ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ മുറിയിൽ ഉറങ്ങുകയായിരിക്കും എന്നാണ് കൂടെ ജോലിചെയ്തവർ പറഞ്ഞത്. എന്നാൽ പിറ്റേന്നും കാണാതിരുന്നതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തി. ഇദ്ദേഹത്തിന്റെ കാർ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിട്ടുണ്ട്. ഈ മാസം 12ന് വൈകീട്ട് 6.25ന് വാട്സ് ആപ് നോക്കിയതായി സ്റ്റാറ്റസിൽ നിന്ന് വ്യക്തമാണ്. ശേഷം ഫോൺ പ്രവർത്തനരഹിതമാണ്.
അടുത്ത സുഹൃത്തുക്കളോട് പോലും പറയാതെ ഇദ്ദേഹം എങ്ങോട്ട് പോയി മറഞ്ഞു എന്നറിയാത്ത അങ്കലാപ്പിലാണ് കുടുംബവും സുഹൃത്തുക്കളും. ഇഖാമ നമ്പർ ഉപയോഗിച്ച് എമിഗ്രേഷൻ വിഭാഗത്തിൽ നടത്തിയ അന്വേഷണത്തിൽ സൗദി വിട്ടിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പോൺസർ തുഖ്ബ പൊലീസിൽ പരാതി നൽകി. ജോലി ഇഷ്ടപ്പെടാത്തതിനാൽ വേറെ ജോലി അന്വേഷിച്ച് പോയതാവും എന്നാണ് പൊലീസ് നിഗമനം. പൊലീസ് നിർദേശത്തെ തുടർന്ന് സ്പോൺസർ ഇദ്ദേഹത്തെ ഹുറൂബാക്കി. 25 വർഷമായി ഇതേ സ്ഥലത്ത് ജോലിചെയ്യുന്ന അനിൽ നായർ ഒളിച്ചു പോകാൻ സാധ്യതയില്ലെന്നാണ് സുഹൃത്തുക്കളുടെ വിശ്വാസം.
ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അന്വേഷണങ്ങൾക്ക് എന്ത് മറുപടിപറയും എന്നറിയാതെ വിങ്ങുകയാണെന്ന് അനിൽ നായരുടെ സുഹൃത്ത് ശ്യാം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഭാര്യ കവിത ഇന്ത്യൻ എംബസ്സിയിലും നോർക്ക റൂട്ട്സിലും പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമാകുന്നവർ ശ്യാം (053714 2429), മുസ്തഫ നണിയൂർ (0568198384) എന്നിവരെ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.