ദമാം: ജോലിക്കിടയിൽ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായ മലയാളിയെ സാമൂഹികപ്രവർത്തകർ നാട്ടിലയച്ചു. തിരുവനന്തപുരം സ്വദേശിയായ പീറ്ററിനാണ് ദമ്മാമിലെ നവയുഗം സാംസ്കാരികവേദി തുണയായത്.
ആറു മാസം മുമ്പാണ് ദമ്മാമിൽ കൊദറിയ എന്ന സ്ഥലത്തുള്ള ഒരു വർക്ക്‌ഷോപ്പിൽ ജോലിക്കെത്തിയത്. നാലുമാസം കഴിഞ്ഞപ്പോൾ, ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പീറ്ററിന്റെ നട്ടെലിന് പരിക്കുപറ്റി.
ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, പരിക്ക് ഭേദമാകാത്തതിനാൽ നടക്കാൻ കഴിയാതെ, ഒന്നര മാസത്തോളം ജോലിക്കു പോകാൻ കഴിയാതെ റൂമിൽ കഴിയേണ്ടിവന്നു. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ പീറ്റർ കിടപ്പിലായതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മോശമായി.
രോഗം അൽപം ഭേദമായി, ചെറുതായി നടക്കാൻ കഴിയുന്ന അവസ്ഥയായപ്പോൾ, തുടർചികിത്സക്കായി നാട്ടിലേക്കു മടങ്ങാൻ ഡോക്ടർമാർ ഉപദേശിച്ചെങ്കിലും, അതിനുള്ള സാമ്പത്തികം പീറ്ററിന് ഉണ്ടായിരുന്നില്ല. പീറ്ററുടെ അവസ്ഥ സുഹൃത്തായ വർഗീസാണ് നവയുഗം കേന്ദ്രകമ്മിറ്റി അംഗം വിനീഷിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് വിനീഷിെൻറ നേതൃത്വത്തിൽ നവയുഗം കൊദറിയ ഈസ്റ്റ് യൂനിറ്റ് കമ്മിറ്റി ചികിത്സക്കായി സഹായധനം സമാഹരിക്കുകയായിരുന്നു.
നവയുഗം ദമ്മാം ദല്ല മേഖല ചുമതലക്കാരനായ നിസാം കൊല്ലവും സഹായിച്ചു. പീറ്ററിന് പോകാനുള്ള വിമാനടിക്കറ്റും നവയുഗം കൊദറിയ ഈസ്റ്റ് യൂനിറ്റ് കമ്മിറ്റി നൽകി. കൊദറിയ ഈസ്റ്റ് യൂനിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ചികിത്സസഹായ ധനവും വിമാനടിക്കറ്റും പീറ്ററിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.