അൽഅഹ്സ: നവോദയ ഹുഫുഫ് കുടുംബവേദി ബാലവേദിയുടെ 'വേനൽ സന്ധ്യകൾ' സമ്മർ ക്യാമ്പ് ആരംഭിച്ചു. സൗദി അറേബ്യയിൽ നിന്ന് വേനൽ അവധിക്ക് നാട്ടിൽ പോകാത്ത കുട്ടികളെ ചേർത്ത് നിർത്തി അവരുടെ മാനസികോല്ലാസം ലക്ഷ്യമാക്കി വർഷന്തോറും നടത്തി വരാറുള്ള വേനൽ സന്ധ്യകൾ ഇത്തവണയും സംഘടിപ്പിക്കുകയായിരുന്നു. വിവിധ വിഭാഗങ്ങളായി തിരിച്ചു, കളിയും ചിരിയും വിജ്ഞാനവും വിനോദവും ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികളുടെ അവധിക്കാലം മറക്കാനാവാത്ത ദിനങ്ങളാക്കിത്തീർക്കാൻ അധ്യാപകരും വിദഗ്ധരും അടങ്ങുന്ന നവോദയ കുടുംബവേദി അംഗങ്ങൾ ചേർന്നാണ് വേനൽ സന്ധ്യകൾ ഒരുക്കുന്നത്. നവോദയ കേന്ദ്ര രക്ഷാധികാരി കൃഷ്ണൻ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബാലവേദി രക്ഷാധികാരി സംഗീത നാരായണൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം, പഠനരീതി, ലീഡർഷിപ്, വിജ്ഞാനം, സഹജീവി സ്നേഹം, പ്രതികരണം എന്നിവയെ കുറിച്ച് ഇവർ കുട്ടികളുമായി സംവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ക്യാമ്പ് സോങ് ക്യാമ്പിൽ അവതരിപ്പിച്ചു.
ശ്യാമിലി ധനേഷിനെ ക്യാമ്പ് കൺവീനറായും സാംസൺ തയ്യിൽ ക്യാമ്പ് കോഓഡിനേറ്ററായും ശരീഫ സയ്യിദിനെ ജോ.കൺവീനറായും നജ്മ സലീമിനെ ജോ.കോഓഡിനേറ്ററായും തിരഞ്ഞെടുത്തു. തുടർന്ന് കേന്ദ്ര മീഡിയ കമ്മിറ്റി ചെയർമാൻ സലിം മണാട്ട് കുട്ടികളിലെ വായനശീലം വർധിപ്പിക്കാനാവശ്യമായ നിർദേശങ്ങളും ആശംസകളും അർപ്പിച്ചു സംസാരിച്ചു. ശ്രീകുമാർ, ചന്ദ്രബാബു കടക്കൽ, സിൽസില സാം, സുജിത് കുമാർ, ബേബി ഭാസ്കർ എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗം സലിം നെമ്മാറ ആമുഖം അവതരിപ്പിച്ചു. സമ്മർക്യാമ്പ് കൺവീനർ ശ്യാമിലി ധനേഷ് സ്വാഗതവും ബാലവേദി സഹരക്ഷാധികാരി ശരീഫ സൈതലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.