നവാദയ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

നവോദയ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു; ഒന്നാം സമ്മാനം 25,000 രൂപ

ദമ്മാം: നവോദയ സാംസ്​കാരിക വേദി പ്രവാസി മലയാളികൾക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യക്ക്​ പുറത്ത്​, ലോകത്തിന്റെ ഏത്​ കോണിലുള്ള പ്രവാസി മലയാളികൾക്കും മത്സരത്തിൽ പ​ങ്കെടുക്കാം. ഡിസംബർ 31-ന്​ മുമ്പായി പ്രവാസി മലയാളിയാണെന്ന്​ തെളിയിക്കുന്ന താമസരേഖ സഹിതം വേണം സൃഷ്​ടികൾ അയക്കണമെന്ന് സാഹിത്യ വിഭാഗം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു​.

ചെറുകഥയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മലയാള കഥകളാണ്​ പരിഗണിക്കുക. പ്രമുഖ സാഹിത്യകാരന്മാർ അടങ്ങുന്ന ജൂറി പുരസ്കാരജേതാക്കളെ തെരഞ്ഞെടുക്കും​. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം​ 15,000 രൂപയും മൂന്നാം സമ്മാനം​ 10,000 രൂപയുമാണ്. മികച്ച കഥകൾ ഉൾപ്പെടുത്തി മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ സഹായത്തോടെ പുസ്​തകം പ്രസിദ്ധീകരിക്കും. മാർച്ച്​ മാസം നാട്ടിൽ നിന്നെത്തുന്ന പ്രമുഖ എഴുത്തുകാർ പ​ങ്കെടുക്കുന്ന സാഹിത്യ ക്യാമ്പിനോട്​ അനുബന്ധിച്ചുള്ള ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

പ്രവാസ മലയാളികൾക്ക്​ മികച്ച സാഹിത്യ അനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യവുമായായിരിക്കും സാഹിത്യ ക്യാമ്പ്​ സംഘടിപ്പിക്കുക എന്ന്​ രക്ഷാധികാരി പ്രദീപ്​ കൊട്ടിയം പറഞ്ഞു. ഹൈസ്​കുൾ തലം മുതലുള്ള കുട്ടികൾക്കും ക്യാമ്പിൽ പ്രവേശനമുണ്ടാകും. അവരുടെ കഥ, കവിത, നോവൽ രചനകൾ പരിശോധിച്ചായിരിക്കും ക്യാമ്പിലേക്കുള്ള പ്രവേശനം അനുവദിക്കുക. ക്യാമ്പിൽ പ​ങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. പ്രവാസ ഭൂമികയിൽ സാഹിത്യ പ്രവർത്തനങ്ങൾക്ക്​ പുതിയ രൂപവും ഭാവവും നൽകാൻ നവോദയക്ക്​ കഴിഞ്ഞിട്ടുണ്ടെന്ന്​ ഭാരവാഹികൾ പറഞ്ഞു.

ആദ്യമായി സാഹിത്യ മത്സര സമ്മാനമായി സ്വർണ മെഡൽ വിതരണം ചെയ്തത് നവോദയ ആണ്. തുടക്കം മുതൽ ചെറുതും വലുതുമായ നിരവധി മത്സരങ്ങളും സാഹിത്യ ക്യാമ്പുകളും നാട്ടിലെ ഉന്നത ശീർഷരായ സാഹിത്യ നായകരെ ഉൾപ്പെടുത്തി നടത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

ചെറുകഥാ അവാർഡിനായി രചനകൾ അയയ്ക്കുന്നവർ വിദേശത്തുള്ള താമസ രേഖകളുടെ പകർപ്പ് സ്വയം സാക്ഷിപ്പെടുത്തി അയക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഇമെയിൽ ഐഡി, വാട്സ് ആപ് നമ്പർ എന്നിവ സഹിതമുള്ള മേൽവിലാസം എഴുതിയ പ്രത്യേക പേപ്പറും ഉണ്ടാകണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകളാവണം അവാർഡിനയക്കാൻ. കൈപ്പടയിലുള്ള രചനകളിൽ തിരുത്തലുകൾ പാടില്ല. രചനകൾ navodayadammamculturalwing@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് +966 509244982, +966 508973407, +966 535671380 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. നവോദയ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക കമ്മിറ്റി കൺവീനർ ഷമീം നാണത്, ചെയർമാൻ മോഹൻ വെള്ളിനേഴി, കോഓഡിനേറ്റർ പ്രദീപ് കൊട്ടിയം, നവോദയ കേന്ദ്ര സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ, കേന്ദ്ര കുടുബവേദി സാംസ്‌കാരിക സമിതി ചെയർ പേഴ്സൺ സ്മിത നരസിംഹൻ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Navodaya organizes short story competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.