മക്ക: ഈ വർഷത്തെ ഹജ്ജിൽ തീർഥാടകരെ സഹായിക്കാൻ അറഫ, മുസ്ദലിഫ, മിന, അസീസിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജിദ്ദ നവോദയയുടെ സന്നദ്ധ പ്രവർത്തകർ സജീവമായിരുന്നതായി ഭാരവാഹികൾ അറിയിച്ചു.
മിനയിലെ തമ്പുകളിൽ ഹാജിമാർക്ക് കഞ്ഞി വിതരണം ചെയ്യുന്നതിലും പ്രായാധിക്യത്താൽ നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയറിൽ ജംറകളിൽ കല്ലേറ് നിർവഹിച്ച് തിരിച്ച് അവരുടെ ടെന്റുകളിൽ എത്തുന്നതിലും വളൻറിയർമാർ സേവനം നൽകി.
തീർഥാടകർ താമസിക്കുന്ന അസീസിയയിലേക്കുള്ള വഴിയിൽ വെള്ളവും പഴവർഗങ്ങളും വിതരണം ചെയ്യുന്നതിനും വഴിതെറ്റുന്നവർക്ക് വഴികാട്ടിയായും വിവിധ പോയന്റുകളിലായി വളൻറിയർമാരെ നിർത്തിയിരുന്നു. ഹജ്ജ് കർമത്തിന്റെ അവസാന ഭാഗമായ കഅ്ബ പ്രദക്ഷിണം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വീൽചെയർ സൗകര്യം നൽകാനും നവോദയ പ്രവർത്തകർ രംഗത്തുണ്ട്. ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിലും നവോദയ വളന്റിയർമാർ സേവനം ചെയ്യുന്നുണ്ട്.
ഇനിയുള്ള ദിവസങ്ങളിൽ ഹാജിമാർ താമസിക്കുന്ന അസീസിയയിൽ കഞ്ഞിയും മറ്റു ഭക്ഷണസാധനങ്ങളും വിതരണം ചെയ്യൽ അവസാനത്തെ ഹാജിയും പോകുന്നത് വരെയും തുടരും. ഹാജിമാർ തിരിച്ചുപോകുന്ന സമയത്ത് അവരെ യാത്രയാക്കാനും ലഗേജുകൾ വണ്ടിയിൽ കയറ്റി സഹായിക്കാനും സജീവമായി ഉണ്ടാകുമെന്നും നവോദയ ഹജ്ജ് സെൽ ചെയർമാൻ ശിഹാബുദ്ദീൻ കോഴിക്കോട്, കൺവീനർ മുഹമ്മദ് മേലാറ്റൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.