ദമ്മാം: നാഷനൽ ടെസ്റ്റിങ് ഏജൻസി ഈ വര്‍ഷം മേയ് മാസത്തില്‍ നടത്തിയ നീറ്റ് പരീക്ഷയിലെ വ്യാപകമായ ക്രമക്കേടുകള്‍ക്ക് പുറമെ ജൂണ്‍ 18ന് നടത്തിയ യു.ജി.സി - നെറ്റ് പരീക്ഷയിലും ഗുരുതരമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദമ്മാം നവോദയ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷകളില്‍ ഇത്തരത്തില്‍ ക്രമക്കേടുകള്‍ സർവ സാധാരണമാവുകയാണ്. ഇതെല്ലാം തന്നെ ബന്ധപ്പെട്ട അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നാണ് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ നൽകുന്ന സൂചന. മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ തന്നെയോ കഠിനമായി പ്രയത്നിച്ച് പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സമയവും കഠിനാധ്വാനവുമാണ് ഇത്തരം ക്രമക്കേടുകള്‍ക്ക് കൂട്ടുനിൽക്കുകവഴി നാഷനൽ ടെസ്റ്റിങ് ഏജൻസി വിഫലമാക്കിയത്.
ഇതുകാരണം അര്‍ഹരായ നിരവധി വിദ്യാർഥികളുടെ അവസരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ അടുത്ത കാലഘട്ടങ്ങളില്‍ പാഠ്യ വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ മാറ്റങ്ങൾ കുട്ടികളിൽ ശാസ്ത്ര ചിന്തയും യുക്തിചിന്തയും ചരിത്ര ബോധവും പകർന്ന് നൽകുന്നതിന് പകരം വിദ്യാഭ്യാസ രംഗത്തെ അലസമായും അശാസ്ത്രീയമായും സമീപിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വിദ്യാർഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും പരീക്ഷകള്‍ കുറ്റമറ്റതായി നടത്താനുള്ള സത്വരമായ നടപടികള്‍ സ്വീകരിക്കുവാനും കേന്ദ്ര സർക്കാർ തയാറാവണമെന്നും നവോദയ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.