റിയാദ്: സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ 'നിയോം സാമ്പത്തിക മേഖല' 2024-ൽ പൊതുജനങ്ങൾക്കായി തുറന്നിടുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ലോകാത്ഭുതങ്ങളിലൊന്നായി മാറിയേക്കാവുന്ന നിയോമിനുള്ളിലെ 'ഭാവി പാർപ്പിട നഗര' പദ്ധതിയായ 'ദ ലൈനി'െൻറ ഡിസൈൻ തിങ്കളാഴ്ച രാത്രി ജിദ്ദയിലെ ചടങ്ങിൽ പുറത്തുവിട്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കിരീടാവകാശി.
അരലക്ഷം കോടി ഡോളർ ചെലവിട്ട് നിർമിക്കുന്നതാണ് ദൈ ലൈൻ പദ്ധതി. പ്രാരംഭ ഘട്ടത്തിൽ സൗദി സ്റ്റോക്ക് മാർക്കറ്റിൽനിന്ന് 32,000 കോടി ഡോളറാണ് സമാഹരിക്കുകയെങ്കിലും പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം ഒരു ലക്ഷത്തി മുപ്പതിനായിരം കോടി (1.3 ട്രില്യൺ) ഡോളറായി ഉയരുമെന്നും കിരീടാവകാശി പറഞ്ഞു.
2030 വരെയുള്ള 'ദ ലൈനി'െൻറ ആദ്യ ഘട്ടത്തിൽ 32,000 കോടി ഡോളർ സ്റ്റോക്ക് മാർക്കറ്റിൽനിന്ന് സ്വരൂപിക്കുകയും 530 കോടി മുതൽ 800 കോടി വരെ സർക്കാർ നിക്ഷേപിക്കുമെന്നും കിരീടാവകാശി വിശദീകരിച്ചു.
വ്യത്യസ്ത തരം നിക്ഷേപങ്ങളിലൂടെ സർക്കാർ പിന്തുണ 1330 കോടി ഡോളർ വരെ ഉയരാമെന്നും അദ്ദേഹം വ്യക്തമാക്കി. 2025ൽ പൂർത്തിയാക്കാൻ പദ്ധതിയിട്ടിരിക്കുന്ന നിയോമിലെ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വ്യവസായിക, ലോജിസ്റ്റിക് മേഖലകൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളുള്ള ചെങ്കടൽ ഹൈടെക് വികസന പ്രവർത്തനങ്ങളുടെ തന്ത്രപരമായ നിക്ഷേപക റോളിലുള്ളത് രാജ്യത്തിെൻറ പരമാധികാര സാമ്പത്തിക നിധിയായ പബ്ലിക് ഇൻവെസ്റ്റുമെൻറ് ഫണ്ട് (പി.ഐ.എഫ്) ആണ്.
സൗദി സമഗ്രപരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന് കീഴിൽ ചെങ്കടൽ തീരത്തെ പ്രധാന വ്യവസായിക, ടൂറിസം വികസനത്തിനുള്ള ഒരു കേന്ദ്ര പദ്ധതിയായി 2017ൽ കിരീടാവകാശി പ്രഖ്യാപിച്ച നിയോമിലെ നിർമാണപ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
നിയോമിലെ 'ദ ലൈൻ' എന്ന ഭാവി നഗരം മൊത്തം നഗരസങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ രൂപകൽപ്പനയിൽ കിലോമീറ്ററുകളോളം നീളത്തിൽ നേർരേഖയിലാണ് (ലംബാകൃതിയിൽ) പടുത്തുയർത്തപ്പെടുക. 90 ലക്ഷം താമസക്കാരെ ഉൾക്കൊള്ളുന്നതാണ് ഈ നഗരമെന്നും കിരീടാവകാശി പറഞ്ഞു.
ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന, മനുഷ്യരെ ഒന്നാമതെത്തിക്കുന്ന നാഗരിക വിപ്ലവമാണ് 'ദ ലൈൻ' ഭാവി നഗരമെന്നും അതിെൻറ ഡിസൈൻ പുറത്തുവിട്ടുകൊണ്ട് കിരീടാവകാശി പ്രഖ്യാപിച്ചു.
നഗര വികസനവും ഭാവിയിലെ നഗരങ്ങളും എങ്ങനെയായിരിക്കണം എന്ന ആശയം പുനർനിർവചിക്കുന്ന 'ദ ലൈ' നഗരത്തിന്റെ പ്രാരംഭ ആശയവും കാഴ്ചപ്പാടും 2021 ജനുവരിയിലാണ് കിരീടാവകാശി ആദ്യമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.