ദമ്മാം: സൗദിയുടെ ചരിത്രവരകളെ മാറ്റിയെഴുതാൻ പാകത്തിൽ വിഭാവനം ചെയ്ത നിയോമിൽ രൂപപ്പെടുന്ന ഭാവി പാർപ്പിട നഗര പദ്ധതിയായ 'ദ ലൈൻ' പൊതുജനങ്ങളെ പരിചയപ്പെടുത്താൻ രാജ്യത്താകെ സംഘടിപ്പിച്ചുവരുന്ന പ്രദർശനം ദമ്മാമിലും. കിഴക്കൻ പ്രവിശ്യയിലെ പ്രദർശനം ഈ മാസം ആറ് മുതലാണ്. ദഹ്റാൻ എക്സ്പോയിൽ നടക്കുന്ന പ്രദർശനം കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി അമീർ അഹമ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 21 വരെ പ്രദർശനമുണ്ടാകും.
'ദ ലൈൻ' പദ്ധതിയുടെ വിശദമായ ഡിസൈൻ, റെൻഡറിങ്, വാസ്തുവിദ്യ എന്നിവയാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഈ പദ്ധതിയുടെ പ്രാധാന്യവും പ്രത്യേകതകളും മനസ്സിലാക്കാൻ കാഴ്ചക്കാരെ പ്രാപ്തരാക്കുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. അറബിയും ഇംഗ്ലീഷും സംസാരിക്കാനറിയുന്ന അമ്പതോളം ഗൈഡുകൾ സന്ദർശകർക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകും. ലോകത്തിലെതന്നെ അപൂർവവും സൗദിയിലെ ഭാവിസ്വപ്നങ്ങളെ രൂപപ്പെടുത്തുന്നതുമായ നഗരത്തെക്കുറിച്ച് സൗദി ജനതക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് പ്രദർശന ലക്ഷ്യം.
ജൂലൈ 25നാണ് നിയോം ചെയർമാൻകൂടിയായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 'ദ ലൈനി'ന്റെ രൂപരേഖ പുറത്തുവിട്ടത്. തുടർന്ന് കഴിഞ്ഞ മാസം ജിദ്ദയിലെ സൂപ്പർഡോമിൽ ആദ്യ പ്രദർശനം നടത്തി. 14,000ത്തോളം സന്ദർശകരാണ് വിസ്മയനഗരത്തിന്റെ മാതൃകകൾ കാണാനെത്തിയത്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഈ നഗരത്തിൽ 90 ലക്ഷം ആളുകൾക്ക് പാർക്കാനുള്ള സൗകര്യങ്ങളുണ്ടാകും. നിയോം പ്രദേശത്തിന്റെ വളരെക്കുറച്ച് ഭാഗം മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെങ്കിലും ഇവിടെ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കും.
200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവും 500 മീറ്റർ ഉയരവുമുള്ളതായിരിക്കും ലൈൻ പാർപ്പിട നഗരം. അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാത്ത രീതിയിലായിരിക്കും ഇവിടെ ഉപയോഗിക്കുന്ന ഓരോ സംവിധാനങ്ങളും. പരമ്പരാഗത നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇത് 100 ശതമാനം പുനരുൽപാദനശേഷിയുള്ള ഊർജത്തിൽ പ്രവർത്തിക്കുകയും ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കാൾ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുകയും ചെയ്യും.
പ്രദർശന വേളയിൽ, പൊതുജനങ്ങൾക്ക് ലൈൻ നഗരം എങ്ങനെയായിരിക്കുമെന്ന് നേരിട്ട് അനുഭവിക്കാനും ഭാവി ജീവിതത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. പ്രദർശനം പൂർണമായും സൗജന്യമാണ്. എന്നാൽ, തിരക്കൊഴിവാക്കാൻ സൗജന്യ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനായി ഓൺലൈൻ ബുക്കിങ് നടത്തണം. 'ഹലയല്ല' (https://halayalla.com/sa-en) എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്ത് സൗജന്യ പാസ് കരസ്ഥമാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.