റിയാദ്: തെക്കൻ വിഭജനവാദികൾക്ക് പകുതി സ്ഥാനങ്ങൾ പങ്കുവെച്ച് യമനിൽ 24 അംഗ മന്ത്രിസഭ അധികാരത്തിലെത്തി. സൗദി അറേബ്യയുടെ നേതൃത്വത്തിൽ സൃഷ്ടിച്ച 'റിയാദ് കരാറി'െൻറ അടിസ്ഥാനത്തിലാണ് യമനിൽ സ്ഥിരതയുള്ള സർക്കാർ രൂപവത്കരിച്ചത്. യമനിലെ വടക്കൻ മേഖലക്കും തെക്കൻ വിഭജന വാദികൾക്കും 12 വീതം മന്ത്രിമാരാണ് ഗവൺമെൻറിലുണ്ടാവുക.
മോയൻ അബ്ദുൽ മാലികാണ് പുതിയ പ്രധാനമന്ത്രി. സമാധാന ശ്രമത്തിെൻറ ഭാഗമായുള്ള നീക്കത്തെ വിവിധ ലോക രാജ്യങ്ങൾ അഭിനന്ദിച്ചു. ഇരു വിഭാഗത്തിെൻറയും സൈന്യങ്ങളും ഒന്നിച്ചതോടെ ഹൂതികൾക്കെതിരായ നീക്കം ശക്തമാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 2011ലെ അറബ് വസന്തത്തിൽ യമൻ പ്രസിഡൻറായിരുന്ന അലി അബ്ദുല്ല സാലിഹിെൻറ ഭരണത്തിൽനിന്നുള്ള പിന്മാറ്റത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് അധികാരത്തിലേറിയത് അബ്ദു റബ്ബ് മൻസൂർ ഹാദിയാണ്.
എന്നാൽ, ആഭ്യന്തര പ്രശ്നവും സാമ്പത്തിക പ്രതിസന്ധിയും ഗുരുതരമായതോടെ കലാപകലുഷിതമായി. യമനിലെ ഷിയാ വിഭാഗമായ ഹൂതി സായുധ സംഘം അലി അബ്ദുല്ല സാലിഹിനെതന്നെ വീണ്ടും പ്രസിഡൻറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തലസ്ഥാനമായ സൻആയുടെ ഭരണം ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ 2015ൽ ഹാദി സൗദിയിൽ അഭയം തേടി.
ഇറാൻ പിന്തുണയുള്ള ഹൂതികളെ പ്രതിരോധിച്ച് ഹാദിയെതന്നെ പ്രസിഡൻറാക്കാൻ വേണ്ടി സൗദി അറേബ്യ നടത്തിയ ഇടപെടലിൽ മറ്റ് ഗൾഫ് രാജ്യങ്ങളും പങ്കാളികളായി. പിന്നീട് നടന്ന യുദ്ധം മൂന്ന് ഭാഗമായി മാറി. പ്രധാന എതിരാളികൾ ഹൂതികളായിരുന്നു. തെക്കൻ യമൻ പ്രത്യേക രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിഭജനവാദികളും രംഗത്തുവന്നു. ആഭ്യന്തര സംഘർഷം രൂക്ഷമായി. ശൈഥില്യമുണ്ടായി.
സൗദി നേതൃത്വത്തിൽ യമെൻറ സ്ഥിരതക്കും സമാധാനത്തിനും വേണ്ടി നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ ഫലം കണ്ടത്. തുടർന്ന് റിയാദ് കരാർ രൂപപ്പെട്ടു. തെക്കൻ വിഭജന വാദികളും യമൻ ഭരണകൂടവും ഇൗ കരാറിൽ ഒപ്പുവെച്ചു.
കരാർ വ്യവസ്ഥക്ക് അനുസൃതമായാണ് രണ്ടു കൂട്ടർക്കും 12 വീതം മന്ത്രിസ്ഥാനം നൽകി പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്. ഇരു കൂട്ടരുടേയും സൈന്യ വിഭാഗങ്ങളെയും ലയിപ്പിച്ച് ഒറ്റ സൈന്യമാക്കി മാറ്റി. ഇതോടെ ഭരണ അട്ടിമറിക്ക് ശ്രമിക്കുന്ന ഹൂതി വിമതർക്കെതിരെ നീക്കം ശക്തമാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.