റിയാദ്: സ്പോർട്സും ഇ-സ്പോർട്സുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ‘ന്യൂ ഗ്ലോബൽ സ്പോർട്സി’ന് റിയാദ് വേദിയായി. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഇ-സ്പോർട്സ്, സ്പോർട്സ്, സാങ്കേതികവിദ്യ, വിനോദം, ബിസിനസ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽനിന്നുള്ള 200ലധികം പ്രമുഖരും വിവിധ കമ്പനികളുടെ സി.ഇ.ഒമാരും ഉൾപ്പെടെ 60 ലധികം പ്രഭാഷകരും 1200ലധികം സംരംഭകരും വിദഗ്ധരും പെങ്കടുത്തു. ‘ഫാൻ കൾച്ചറിന്റെ ഭാവി’ എന്ന തലക്കെട്ടിലാണ് സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് അരങ്ങേറിയത്.
സ്പോർട്സ്, ഗെയിമിങ് മേഖലകൾ വികസിപ്പിക്കുന്നതിൽ ആരാധകരുടെ പങ്ക് സമ്മേളനം അവലോകനം ചെയ്തു. ആരാധകരുടെ അഗാധമായ സ്വാധീനം, ബിസിനസ് തന്ത്രങ്ങൾ, ഉള്ളടക്ക നിർമാണം, ബൗദ്ധിക സ്വത്ത്, മാധ്യമ അവകാശങ്ങൾ, മാർക്കറ്റിങ്, കമ്യൂണിറ്റി ബിൽഡിങ് എന്നിവ എടുത്തുകാണിച്ചു. ‘വിഷൻ 2030’ന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായ സ്പോർട്സ്, ഇലക്ട്രോണിക് ഗെയിമുകൾ, സ്പോർട്സ്, വിനോദം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ സ്ഥാനം ഏകീകരിക്കാനാണ് സമ്മേളനം ലക്ഷ്യമിട്ടത്.
കഴിഞ്ഞ വർഷമാണ് ന്യൂ ഗ്ലോബൽ സ്പോർട്സിന്റെ ആദ്യപതിപ്പ് നടന്നത്. സമ്മേളനം ഇലക്ട്രോണിക് സ്പോർട്സിനുള്ള ലോകകപ്പിന്റെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. കൂടാതെ ഇ-സ്പോർട്സ് കമ്യൂണിറ്റിക്കുള്ളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഈ മേഖലയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷന്റെ സ്ഥാപനത്തിന്റെ പ്രഖ്യാപനവും ആ സമ്മേളനത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.