മക്ക: വിശുദ്ധ കഅ്ബയെ ലോകത്തിലെ ഏറ്റവും അമൂല്യമായി കണക്കാക്കപ്പെടുന്ന പുതിയ വസ്ത്രം (കിസ്വ) അണിയിച്ചു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് പിറന്ന ഞായറാഴ്ച പുലർച്ചയാണ് കിസ്വ മാറ്റൽ ചടങ്ങ് നടന്നത്. എല്ലാവർഷവും മുഹറം ഒന്നിന് പതിവായ വാർഷികാചരണമാണ് കിസ്വ മാറ്റൽ ചടങ്ങ്. ഇരുഹറം പരിപാലന ജനറൽ അതോറിറ്റിയുടെ മേൽനോട്ടത്തിൽ കിങ് അബ്ദുൽ അസീസ് കിസ്വ നിർമാണ ഫാക്ടറിയിലെ വിദഗ്ധരായ 159 ജീവനക്കാരാണ് ഈ ജോലി നിർവഹിച്ചത്.
ഫാക്ടറിയിൽനിന്ന് പ്രത്യേക ലോറിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പുതിയ കിസ്വ മക്ക മസ്ജിദുൽ ഹറാമിലെത്തിച്ചത്. സിൽക്ക്, വെള്ളി, സ്വർണം എന്നിവയുടെ നൂലുകൾ കൊണ്ട് സ്വദേശി വിദഗ്ധരാണ് കിസ്വ നെയ്തുണ്ടാക്കിയത്. കിസ്വ ഉയർത്താനും നാല് മൂലകളും തുന്നിക്കെട്ടാനും എട്ട് ക്രെയിനുകൾ ഒരുക്കിയിരുന്നു.
കിസ്വയുടെ മൊത്തം ഭാരം 1,350 കിലോഗ്രാമാണ്. ഉയരം 14 മീറ്ററും. കറുപ്പ് ചായം പൂശിയ ഏകദേശം 1,000 കിലോ ശുദ്ധമായ പട്ടു കൊണ്ടാണ് കിസ്വ നിർമിച്ചിരിക്കുന്നത്. അതിൽ 120 കിലോ സ്വർണനൂലുകളും 100 കിലോ വെള്ളിനൂലുകളും കൊണ്ട് നെയ്ത്ത് പൂർത്തിയാക്കും. മുകളിൽനിന്ന് താഴേക്ക് മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീമീറ്റർ വീതിയിൽ ബെൽറ്റ് വേറെയുമുണ്ട്. ഇതിന്റെ ആകെ നീളം 47 മീറ്ററാണ്. ഇതിന്മേൽ ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്തിരിക്കും.
ഈജിപ്ഷ്യൻ കരകൗശല വിദഗ്ധരാണ് മുമ്പ് കിസ്വ നിർമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.