ജിദ്ദ: ത്വാഇഫിലെ അറേബ്യൻ പുള്ളിപ്പുലി പ്രജനന കേന്ദ്രത്തിലേക്ക് പുതിയ പുള്ളിപ്പുലിയെ എത്തിച്ചതായി അൽഉല ഗവർണറേറ്റ് റോയൽ കമീഷൻ അറിയിച്ചു. കമീഷന് കീഴിലുള്ള കേന്ദ്രമാണിത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ് അറേബ്യൻ പുള്ളിപ്പുലി. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഇവയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
ഈ കേന്ദ്രത്തിലെത്തുന്ന രണ്ടാമത്തെ പുള്ളിപ്പുലിയാണിത്. ഇതിന്റെ സാന്നിധ്യം ബ്രീഡിങ് പ്രോഗ്രാമിനെ മെച്ചപ്പെടുത്തും. ഇത് നിലവിലുള്ള പുള്ളിപ്പുലികളുടെ എണ്ണവും ജനിതക വൈവിധ്യവും വർധിപ്പിക്കും. ഒമാനിൽ നിന്ന് ഒരു വർഷ കാലയളവിൽ കടമായാണ് പുള്ളിപ്പുലിയെ വാങ്ങിയത്. ഇതിനുപകരമായി ഒമാന് ഒരു പെൺകടുവയെ കടമായി നൽകുമെന്നും റോയൽ കമീഷൻ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ യു.എ.ഇ അൽബുസ്താൻ ആനിമൽ ബ്രീഡിങ് കേന്ദ്രത്തിൽ നിന്നാണ് ആദ്യത്തെ പുലിയെ കൊണ്ടുവന്നത്. ‘അൽഐൻ’ എന്നാണ് ഇതിന്റെ പേര്. ജൂലൈയിൽ ഇതിനെ ത്വാഇഫിലെ പ്രജനന കേന്ദ്രത്തിലേക്ക് മാറ്റി.
ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ‘വംശനാശഭീഷണി നേരിടുന്ന’ വിഭാഗത്തിലാണ് അറേബ്യൻ പുള്ളിപ്പുലിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. അറേബ്യൻ ഉപദ്വീപിൽ അവശേഷിക്കുന്ന പുള്ളിപ്പുലികളുടെ എണ്ണം 200ൽ താഴെയാണ്.
സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമായതും വേട്ടയാടലുമാണ് വംശനാശഭീഷണിക്ക് ഇടയാക്കിയത്. ഈ വർഷം ഏഴ് അറേബ്യൻ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഈ പ്രജനന കേന്ദ്രത്തിൽ പിറന്നിരുന്നു. ഇതോടെ കേന്ദ്രത്തിലെ മൊത്തം അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം 28 ആയിട്ടുണ്ട്. 2020ലാണ് അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കാനുള്ള പദ്ധതി റോയൽ കമീഷൻ ആരംഭിച്ചത്.
അതിനുശേഷം അവയുടെ എണ്ണം ഇരട്ടിയായി വർധിച്ചു. പരിസ്ഥിതി വ്യവസ്ഥകളുടെ പുനരുദ്ധാരണം, അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമിഷൻ നടത്തിയ ശ്രമങ്ങളുടെ വിജയം ഉറപ്പിക്കുന്ന വലിയൊരു ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.