റിയാദ്: നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസ്നയെയും ഹസീനയെയും വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു. റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് കുട്ടികളുടെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം കഴിഞ്ഞ ഒക്ടോബർ 31 നാണ് നൈജീരിയൻ സയാമീസുകളെ റിയാദിലെത്തിച്ചത്.
ഇരട്ടകളെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ സംഘം സൂക്ഷ്മ പരിശോധനകളും നിരവധി മീറ്റിങ്ങുകളും നടത്തിയതായി സയാമീസ് ശസ്ത്രക്രിയകൾക്കുള്ള സൗദി മെഡിക്കൽ, സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സുഷുമ്ന കനാൽ വേർപ്പെടുത്തുന്ന പ്രാഥമിക ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ന്യൂറോ സർജറി വിദഗ്ധരായ മെഡിക്കൽ സംഘം ആഴ്ചകൾക്ക് മുമ്പ് ഈ ഓപറേഷൻ നടത്തി. മെഡിക്കൽ, സർജിക്കൽ സംഘം പലതവണ യോഗം ചേർന്നാണ് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഇരട്ടകൾ താഴത്തെ വൻകുടൽ, മൂത്ര, പ്രത്യുൽപാദന സംവിധാനങ്ങൾ, പെൽവിക് അസ്ഥി, താഴ്ന്ന സുഷുമ്ന കനാൽ, ചില താഴ്ന്ന ഞരമ്പുകൾ എന്നിവ പങ്കിടുന്നുണ്ട്. ഒമ്പത് ഘട്ടങ്ങളിലായാണ് ഓപറേഷൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഏകദേശം 14 മണിക്കൂർ എടുക്കും.
അനസ്തേഷ്യ, പീഡിയാട്രിക് സർജറി, യൂറോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് ന്യൂറോ സർജറി എന്നീ വിഭാഗങ്ങളിലെ 38 കൺസൾട്ടൻറുകൾ, കൂടാതെ ടെക്നീഷ്യന്മാർ, നഴ്സിങ് സ്റ്റാഫ് എന്നിവർ ശസ്ത്രക്രിയ സംഘത്തിലുണ്ട്.
സയാമീസ് ശസ്ത്രക്രിയ സങ്കീർണമാണ്. വിജയ സാധ്യത 70 ശതമാനമാണ്. ഇരട്ടകളെ വേർപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇരട്ടകളെ നിരീക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി പീഡിയാട്രിക് ഇൻറൻസീവ് കെയറിലേക്ക് മാറ്റുമെന്നും ഡോ. റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയുടെ 60ാമത്തെ ശസ്ത്രക്രിയയാണ് ഇത്. 34 വർഷത്തിനിടെ 25 രാജ്യങ്ങളിൽ നിന്നുള്ള 135 സയാമീസ് ഇരട്ടകളെ പരിപാലിക്കാൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന സൗദി പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ടെന്നും ഡോ. അൽറബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.