റിയാദ് സീസണിൽ ഇന്ന്​ മുതൽ ഒമ്പത് ഇന്ത്യൻ ആഘോഷരാവുകൾ

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവമായ റിയാദ് സീസണിലെ ഈ വർഷത്തെ പ്രധാന വേദികളിൽ ഒന്നായ സുവൈദി പാർക്കിൽ ഇന്ന്​ വൈകീട്ട്​ ഇന്ത്യൻ സാംസ്​കാരികോത്സവത്തിന്​ തുടക്കമാകും. ഇനി ഒമ്പത്​ രാത്രികളിൽ ഇന്ത്യൻ സാംസ്‌കാരിക പൈതൃക കലാപരിപാടികൾ അരങ്ങേറും. ഓൺലൈൻ വഴി സൗജന്യ ടിക്കറ്റെടുത്ത്​ വൈകീട്ട് നാല്​ മുതൽ പാർക്കിലേക്ക്​ പ്രവേശിക്കാം. 6.30-ന് രണ്ട്​ കിലോമീറ്റർ ചുറ്റളവിൽ വിശാലമായ സുവൈദി പാർക്കിനെ പ്രദക്ഷിണം ചെയ്യുന്ന ഇന്ത്യയുടെ കലാസംസ്​കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ഘോഷയാത്രയോടെ ആഘോഷത്തിന്​ ഔദ്യോഗികകമായ തുടക്കമാകും. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനത്​ പാരമ്പര്യ കലാരൂപങ്ങളായ ഛൗ നൃത്തം, ഘൂമാർ നൃത്തം, ഗർബ നൃത്തം, കൽബെലിയ നൃത്തം, നാസിക് ഢോൾ, ചെണ്ടമേളം, പഞ്ചാബി ഡാൻസ്, ലാവണി നൃത്തം തുടങ്ങിയവ വർണശബളിമയോടെയും താളമേളങ്ങളോടെയും അണിനിരക്കുന്ന ഘോഷയാത്ര ലോകത്തി​െൻറ നാനാദേശങ്ങളിൽനിന്നുള്ള കലാസ്വാദകർക്ക് മുന്നിൽ ഇന്ത്യയെ സാഘോഷം പരിചയപ്പെടുത്തുന്നതാകും.

എല്ലാ ദിവസവും വൈകീട്ട് നാല്​ മുതൽ രാത്രി 11 വരെയാണ് സുവൈദി പാർക്കിലെ ആഘോഷങ്ങൾ. വാരാന്ത്യങ്ങളിൽ രാത്രി ഒന്ന്​ വരെ പരിപാടികളുണ്ടാകും. webook.com എന്ന വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴിയാണ്​ ടിക്കറ്റ് ബുക്ക്​ ചെയ്യേണ്ടത്​. പൂർണമായും സൗജന്യമാണ്​. ഒമ്പത്​ രാജ്യങ്ങളുടെ സാംസ്​കാരികാഘോഷങ്ങളാണ്​ റിയാദ്​ സീസണി​െൻറ ഭാഗമായി സുവൈദി പാർക്കിൽ അരങ്ങേറുന്നത്​. അതിൽ ആദ്യത്തെ ഊഴമാണ്​ ഇന്ത്യയുടേത്​. ഇന്ത്യയക്ക്​ ഒമ്പത്​ ദിവസമാണ്​ അനുവദിച്ചുകിട്ടിയിരിക്കുന്നത്​. ഇന്ന്​ (ഒക്​ടോ. 13) മുതൽ 21 വരെ​.

21 മുതൽ 25 വരെ ഫിലിപ്പീൻസ്, 26 മുതൽ 29 വരെ ഇന്തോനേഷ്യ, 30 മുതൽ നവംബർ രണ്ട്​ വരെ പാകിസ്​താൻ, നവംബർ മൂന്ന്​ മുതൽ ആറ്​ വരെ യെമൻ, ഏഴ്​ മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ, 20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ്​ മറ്റ്​ രാജ്യങ്ങളുടെ ദിനക്രമം.

ഭക്ഷണശാലകൾ, ഓരോ രാജ്യത്തി​െൻറയും ഉത്പന്നങ്ങൾ, ഗെയിമുകൾ, കുട്ടികൾക്കുള്ള തിയേറ്റർ, സാംസ്കാരിക പൈതൃക സ്​റ്റാളുകൾ തുടങ്ങി പാർക്കിൽ സന്ദർശകരെ ആകർഷിക്കും വിധമുള്ള പവലിയനുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പടെ കലാകായിക രംഗത്തെ സെലിബ്രെറ്റികളും മേളക്ക് കൊഴുപ്പേകാൻ ഇവിടെയെത്തും.

റിയാദ് സീസണിലെ ഏക സൗജന്യ വേദിയാണ് സുവൈദി പാർക്ക്. വലിയ തുക വരുന്ന ടിക്കറ്റെകളെടുത്ത് പരിപാടികൾക്ക് പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവർക്ക്​ സുവൈദി പാർക്കിലെ വിനോദ സാംസ്​കാരിക പരിപാടികൾ തികച്ചും സൗജന്യമായി ആസ്വദിക്കാം. വ്യത്യസ്ത ദേശക്കാർ തൊഴിലാളികളായും സംരംഭകരായുമുള്ള സൗദി അറേബ്യയിൽ വിദേശ കലാസാംസ്​കാരികകേന്ദ്രം വഴി രാജ്യം ലക്ഷ്യം വെക്കുന്നത് വിവിധ രാജ്യങ്ങൾ തമ്മിലെ സാംസ്കാരിക വിനിമയമാണ്. കഴിഞ്ഞ വർഷം വലിയ തിരക്കാണ് സുവൈദി പാർക്കിൽ അനുഭവപ്പെട്ടിരുന്നത്. ഇത്തവണയും ആസ്വാദകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യൂണിറ്റി പ്രോഗ്രാം കോഓഡിനേറ്റർ വിഷ്ണു വിജയ്​ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Nine Indian festive nights from today in Riyadh season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.