ദമ്മാം: പേപ്പര്‍ ഗ്ലാസുകള്‍കൊണ്ട് പിരമിഡ് നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടമുണ്ടാക്കി അൽഖോബാറിലെ പ്രവാസി മലയാളി വിദ്യാര്‍ഥി ബദര്‍ നുഫൈല്‍. 15 വർഷത്തിലധികമായി അൽഖോബാറിലെ റാക്കയില്‍ താമസിക്കുന്ന കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ മുജീബുദ്ദീൻ-ഷാലിന്‍ ദമ്പതികളുടെ ഒമ്പതുകാരനായ മകന് ബദർ നുഫൈലാണ് മൂന്ന് മിനിറ്റ് 22 സെക്കൻഡ്കൊണ്ട് 105 പേപ്പർ ഗ്ലാസുകൾകൊണ്ട് പിരമിഡ് നിർമിച്ചത്. ആറു മിനിറ്റിൽ 69 ഗ്ലാസ് എന്ന നിലവിലെ റെക്കോഡാണ് ഈ മിടുക്കൻ തിരുത്തിയത്. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർ നൂഫൈലിന് റെക്കോഡ് സർട്ടിഫിക്കറ്റ്, മെഡൽ, സമ്മാനങ്ങള്‍ എന്നിവ സമ്മാനിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഒഴിവുവേളകളിൽ യൂട്യൂബിൽ കണ്ട ക്രിയേറ്റിവ് വിഡിയോകളിൽനിന്ന് ലഭിച്ച പ്രചോദനം, അതോടൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനം എന്നിവ ഈ നേട്ടത്തിനു പിന്നിലുണ്ടെന്നും നുഫൈൽ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്തെ കുട്ടികളുടെ കേവല വിനോദമായി ആദ്യം കണ്ടെങ്കിലും തുടര്‍ച്ചയായി മകന് നുഫൈല്‍ പ്രകടിപ്പിച്ച ആവേശവും കഠിനപരിശ്രമവും ആണ് ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കൊഡ്സ് അധികൃതര്‍ക്ക് അയച്ചുകൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അൽഖോബാറിലെ പ്രവാസി സംരംഭകനായ പിതാവ് മുജീബ് പറഞ്ഞു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് ആഴ്ചകള്‍കൊണ്ട് നുഫൈലിെൻറ ഗ്ലാസ് പിരമിഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അവരുടെ റെക്കോഡ് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി അൽഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് പാണ്ടികശാല, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട്, റാക്ക ഏരിയ കെ.എം.സി.സി പ്രസിഡൻറ് ഇക്ബാല്‍ ആനമങ്ങാട്, ഫൈസല്‍ കൊടുമ, ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയ ബദര്‍ നുഫൈലിനെ അനുമോദിച്ചു. അൽഖോബാര്‍ കൊസാമ ഇൻറര്‍നാഷനല്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നുഫൈലിനെ സ്കൂള്‍ അധികൃതരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.