സൗദിയിൽ പ്രവേശിക്കുമ്പോൾ 3000 റിയാലിന് മുകളിലുള്ള വസ്തുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കണം

ജിദ്ദ: സൗദിക്ക് പുറത്തുനിന്നും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ കൈവശമുള്ള സ്വകാര്യ വസ്‌തുക്കൾ 3000 റിയാലിന് മുകളിലാണെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് സൗദി കസ്റ്റംസ് അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 15 ശതമാനം മൂല്യവർധിത നികുതിയും (വാറ്റ്) നൽകേണ്ടതുണ്ട്.
യു.എ.ഇയിൽ നിന്ന് ഒരു കാർ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള സ്വദേശി പൗരന്റെ ചോദ്യത്തിന് മറുപടിയായാണ് കസ്റ്റംസ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന കാറിന്റെ മോഡൽ 2016 വർഷത്തിനപ്പുറം പഴയതാവാൻ പാടില്ലെന്നും സൗദിയിൽ അനുവദിക്കപ്പെട്ട സവിശേഷതകളും മാനദണ്ഡങ്ങളും ഇന്ധന നിലവാരവും കൃത്യമായി പാലിക്കണമെന്നും നിർബന്ധമാണ്.

വാഹനത്തിന്റെ കസ്റ്റംസ് തീരുവ വാഹന മൂല്യത്തിന്റെ അഞ്ച് ശതമാനമായിരിക്കും, ഒപ്പം 15 ശതമാനം മൂല്യവർധിത നികുതിയും അടക്കണം. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏകീകൃത ഇലക്ട്രോണിക് സേവന നിയമം പ്രയോഗിക്കുന്നത് ആരംഭിക്കുന്നതുവരെ ഷിപ്പിംഗ് ഫീസ്, കസ്റ്റംസ് ഫീസ്, മറ്റേതെങ്കിലും ഫീസ് എന്നിവയും ഉണ്ടായിരിക്കും. അംഗീകൃത അനുമതിയോടെ സൗദിയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് രാജ്യത്ത് തുടരാനുള്ള പരമാവധി സമയം മൂന്ന് മാസമാണെന്നും ഈ കാലയളവ് കഴിഞ്ഞാൽ ഓരോ ദിവസത്തിനും 20 റിയാൽ വെച്ച് പിഴ ചുമത്തുമെന്നും എന്നാലിത് പരമാവധി വാഹനത്തിന്റെ വിലയുടെ 10 ശതമാനമായിരിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

പഠനാവശ്യാർത്ഥമോ ജോലിയാവശ്യാർത്ഥമോ വിദേശത്ത് കഴിയുന്ന സൗദേശികളുടെ സ്വകാര്യ വസ്‌തുക്കൾ അവരുടെ പഠനാവസാനത്തിലോ ജോലിയുടെ അവസാനത്തിലോ ആവശ്യമായ തെളിവ് സഹിതം കൈവശം കൊണ്ടുവരുമ്പോൾ അവ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.