റിയാദ്: 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയാറല്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. അറബ്-ഇസ്രായേൽ സമാധാനത്തിലേക്കുള്ള പാത സംബന്ധിച്ച് സൗദി അറേബ്യയും അമേരിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടെയാണ് സൗദി വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കിയത്.
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുകയും ഗസ്സയിൽനിന്ന് സേനയെ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന ഉറച്ച നിലപാട് സൗദി അറേബ്യ അമേരിക്കൻ ഭരണകൂടത്തെ അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാട് ഉറച്ചതും സ്ഥിരവുമാണ്. സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. സൗദി ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് എത്രയും വേഗം എത്താൻ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത സുരക്ഷ കൗൺസിലിലെ സ്ഥിരാംഗങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയും, അങ്ങനെ എല്ലാവർക്കും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.