ജിദ്ദ: വാട്സ്ആപ് വഴി ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിന് ഔദ്യോഗിക അക്കൗണ്ട് സ്ഥാപിച്ചിട്ടില്ലെന്ന് പാസ്പോർട്ട് (ജവാസത്ത്) ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. വാട്സ്ആപ്പിലൂടെ ജവാസത്ത് സേവനം ലഭ്യമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തെ അധികൃതർ നിഷേധിച്ചു.
ഈ പ്രചാരണങ്ങളിൽ അവകാശപ്പെടുന്ന വാട്സ്ആപ് അക്കൗണ്ട് വ്യാജമാണ്. ഇത്തരം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗുണഭോക്താക്കൾക്ക് സേവനം നൽകാനും അവരുമായി ആശയവിനിമയം നടത്താനും അവരുടെ സംശയങ്ങളോട് പ്രതികരിക്കാനും സമൂഹമാധ്യമങ്ങളിൽ ഔദ്യോഗിക അക്കൗണ്ടുകളുണ്ടെന്നും ആ ഉറവിടങ്ങളിൽനിന്ന് വരുന്ന വിവരങ്ങളും വാർത്തകളും മാത്രമേ സ്വീകരിക്കാവൂ എന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
‘അബ്ഷിർ’ എന്ന പോർട്ടലും ആപ്ലിക്കേഷനും വഴിയാണ് ഗുണഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നതെന്നും ഇതല്ലാതെ മറ്റൊരു ഓൺലൈൻ സംവിധാനവും ഔദ്യോഗികമായി നിലവിലില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.