റിയാദ്: സ്‌കൂൾ കാന്റീനുകളിലെ ഭക്ഷണത്തിന്റെ വിലയിൽ ഈ അധ്യയന വർഷം വർധനയുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഭക്ഷ്യവിപണിയിൽ വിലക്കയറ്റമുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ അൽ ഷഅലാനാണ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. സ്‌കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഇക്കൊല്ലത്തെ വില നിലവിലെ വിപണി മൂല്യത്തിന് അനുസൃതമായി വർധനയില്ലാതെ നിലനിർത്താൻ കാന്റീൻ ഓപറേറ്റർമാരുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഒപ്പുവെച്ച കരാറിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കാന്റീൻ കരാറുകാർ പുലർത്തേണ്ട പ്രതിബദ്ധത പ്രിൻസിപ്പൽമാർ, സ്‌കൂൾ ഹെൽത്ത് ഡയറക്ടർമാർ, വിദ്യാഭ്യാസ വകുപ്പുകളിലെ പോഷകാഹാര സൂപ്പർവൈസർമാർ എന്നിവർ മുഖേന മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഇക്കാര്യത്തിൽ നടക്കുന്നത്. മികച്ച ഭക്ഷണസേവനം നൽകാൻ കഴിയുന്ന കുടുംബങ്ങളെ സ്‌കൂൾ ഭക്ഷണ വിതരണത്തിൽ പങ്കാളികളാക്കുന്ന രീതി ആവിഷ്കരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയുള്ള പദ്ധതിയാണിത്.
സ്‌കൂൾ കാന്റീനുകളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം സാമ്പത്തിക ആവശ്യങ്ങളുള്ള വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നും ഡോ. ഷഅലാൻ സ്ഥിരീകരിച്ചു. അർഹതയുള്ള വിദ്യാർഥികൾക്കായി മറ്റ് നിരവധി സംരംഭങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. തകാഫുൽ ചാരിറ്റി ഫൗണ്ടേഷന്റെ 'വാജിബത്തീ' (മൈ മീൽ) ഇതിൽ പ്രധാനപ്പെട്ടതാണ്. അർഹതയുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. കൂടാതെ, വിദൂരപ്രദേശങ്ങളിൽ പ്രത്യേകിച്ച് സൗദിയുടെ അതിർത്തിപ്രദേശങ്ങളിലെ സ്‌കൂളുകളിൽ ഭക്ഷണമേഖലയിലെ അറിയപ്പെടുന്ന കമ്പനി സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.