റിയാദ്: നോർവേ, സ്പെയിൻ, അയർലൻഡ് എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനെടുത്ത അനുകൂല തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം സംബന്ധിച്ച അന്തർദേശീയ സമവായം സ്ഥിരീകരിക്കുന്നതാണിത്. സൗഹൃദ രാജ്യങ്ങൾ പുറപ്പെടുവിച്ച ഈ തീരുമാനത്തെ സൗദി അഭിനന്ദിക്കുന്നു. മറ്റു രാജ്യങ്ങളും ഇതേ തീരുമാനം ഉടൻ എടുക്കണമെന്നും ആവശ്യപ്പെടുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നിറവേറ്റുന്നതിനും ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനും പുനരാലോചനക്ക് അവസരം നൽകാത്ത, നീതിപൂർവമായ പാത സൃഷ്ടിക്കുന്നതിനിത് സംഭാവന ചെയ്യുമെന്നും സൗദി വിദേശകാര്യാലയം പറഞ്ഞു.
കിഴക്കൻ ജറുസലേം തലസ്ഥാനമായി1967ലെ അതിർത്തികളിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി ആവർത്തിച്ചു. അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് ഇതുവരെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടില്ലാത്ത സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളോട് ഇക്കാര്യം ഊന്നിപ്പറയുന്നു. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കാനും എല്ലാവർക്കും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുമാണിതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.