റിയാദ്: പാഴ്വസ്തുക്കളായി വലിച്ചെറിയുന്ന എന്തും മനോഹര അലങ്കാരവസ്തുക്കളായി മാറ്റും മുഹ്സിനയുടെ കരവിരുത്. ഏഴു വർഷമായി റിയാദിലുള്ള ഈ വീട്ടമ്മയുടെ വീട് നിറയെ ഇങ്ങനെ നിർമിച്ച അലങ്കാര വസ്തുക്കളാണ്.മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി മുഹ്സിന ഉസ്മാൻ ഒഴിവുസമയങ്ങളെ സർഗാത്മകമായി വിനിയോഗിക്കാനെടുത്ത തീരുമാനമാണ് ഉപയോഗശൂന്യമായ വസ്തുക്കൾക്ക് പുതുജീവൻ നൽകിയത്. അടുക്കളയിലേക്ക് എത്തുന്ന ഏതൊരു വസ്തുവിലും ഒരു ശിൽപം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് മുഹ്സിനയുടെ കണ്ടെത്തൽ.
മുട്ടയുടെ േട്ര, ബോട്ടിലുകൾ, പേപ്പർ റോൾ, മുട്ടത്തോട്, പിസ്തയുടെ ഷെൽ ഇങ്ങനെ എന്തുമാകട്ടെ വലിച്ചെറിയുന്നതിൽനിന്ന് അലങ്കാരവസ്തുക്കൾ ജന്മംകൊള്ളും ഈ കരങ്ങളിലൂടെ. ഐസ്ക്രീം സ്റ്റിക്കിൽ തയാറാക്കിയ പൂക്കൂട, അച്ചാറുകുപ്പിയിൽ നിറം പകർന്ന പെൻ ഹോൾഡർ, പേപ്പർ റോളിൽ ചെയ്തെടുത്ത മനോഹര പുഷ്പങ്ങൾ, വലിച്ചെറിയേണ്ട തുണിക്കഷ്ണങ്ങളിൽ ജന്മംകൊണ്ട വ്യത്യസ്ത നിറങ്ങളിലുള്ള റോസാ പുഷ്പങ്ങൾ ഇങ്ങനെ നീളുന്നു അലങ്കാര വസ്തുക്കളുടെ നിര. വരയോടും പ്രത്യേക ഇഷ്ടമാണ് ഈ എൻജിനീയർ ബിരുദധാരിണിക്ക്. പഴയ തുണികളിൽ ചിത്രംവരക്കുള്ള കാൻവാസ് സ്വയം തയാറാക്കിയാണ് വര. പൂർണമായും ചെലവ് ചുരുക്കിയാണ് ചിത്രവേല. അങ്ങാടിപ്പുറം ഗവ.പോളിടെക്നിക്കിലും എം.ഇ.എ എൻജിനീയറിങ് കോളജിലെയും പഠനശേഷം കെ.എസ്.ഇ.ബി ഒറ്റപ്പാലം സബ് സ്റ്റേഷനിൽ സബ് എൻജിനീയറായി സേവനംചെയ്തശേഷമാണ് പ്രവാസം തുടങ്ങിയത്.
റിയാദിലെ ഫുർസാൻ ഫുഡ് കമ്പനിയിലെ ഉദ്യോഗസ്ഥൻ മോങ്ങം സ്വദേശി എം.സി. സമീറാണ് മുഹ്സിനയുടെ ഭർത്താവ്.സ്ഥലപരിമിതികാരണം സൃഷ്ടികൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പലർക്കും സമ്മാനമായി നൽകുകയാണ് പതിവ്. പ്രവാസിയായിരുന്ന പിതാവ് ഉസ്മാനും മാതാവ് നഫീസയും സഹോദരങ്ങളും മുഹ്സിനയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റിയാദിലെ വനിതാകൂട്ടയ്മയായ ഓറ ആർട്ടിക്രാഫ്റ്റ് എന്നസംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് മുഹ്സിന ഉസ്മാൻ. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയായ മൻഹ സമീർ, ഇൽഹാൻ സമീർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.