ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന സ്വദേശിവത്കരണ പദ്ധതി ‘നിതാഖാത്’ തൊഴിലില്ലായ്മ കുറക്കുന്നതിൽ വിജയം കണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 22.3 ലക്ഷം കവിഞ്ഞു.
തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കുന്നതിനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ആരംഭിച്ച ‘നിതാഖാത് മുത്വവർ’ പ്രോഗ്രാമിെൻറ ഫലമായാണ് ഇത്രയും പേർക്ക് തൊഴിലവസരങ്ങൾ ലഭിച്ചത്. സ്വദേശിവത്കരണത്തിനായി സ്വകാര്യമേഖല സ്ഥാപനങ്ങളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നിതാഖാത് പ്രോഗ്രാം നടപ്പാക്കിയത്.
ഒന്നും രണ്ടും ഘട്ടങ്ങളുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരംഭിച്ച ആദ്യ വർഷത്തിൽ പ്രോഗ്രാം നല്ല ഫലങ്ങൾ കൈവരിച്ചതായാണ് വിലയിരുത്തൽ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2022 അവസാനത്തോടെ 21 ലക്ഷത്തിലധികമായി. ആ വർഷം പുതുതായി തൊഴിലിൽ ചേർന്ന സ്വദേശികളുടെ എണ്ണം 2.77 ലക്ഷമായി. ഇതോടെ 80 ശതമാനം ലക്ഷ്യം കണ്ടു.
രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷവും മന്ത്രാലയം അതിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിവിധ പരിപാടികൾ തുടരുകയാണ്. ഈ വർഷം ആദ്യ പാദത്തിൽ ഏകദേശം 35,000 സ്വദേശികൾക്ക് ജോലി ലഭിച്ചു.
ഇതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 22.3 ലക്ഷത്തിലധികമായി. മന്ത്രാലയത്തിെൻറ മറ്റ് പരിപാടികളോടൊപ്പം തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനം എന്ന ചരിത്രപരമായ തലത്തിലേക്ക് കുറയ്ക്കുന്നതിന് നിതാഖാത്ത് മുത്വവർ സഹായിച്ചിട്ടുണ്ട്.
2021െൻറ മധ്യത്തിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിതാഖാത് മുത്വവർ പ്രോഗ്രാം ആരംഭിച്ചത്. എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും പ്രോഗ്രാമിലെ മാറ്റങ്ങളോട് പ്രതികരിക്കാനും അത് പ്രാബല്യത്തിൽവരുന്നതുവരെ അതിെൻറ ആവശ്യകതകൾക്ക് അനുസൃതമായി മാനവ വിഭവശേഷി പദ്ധതികൾ മെച്ചപ്പെടുത്താനും മതിയായ സമയം നൽകിയിരുന്നു. സ്വദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് ഒരുകൂട്ടം പ്രോത്സാഹനങ്ങളും സൗകര്യങ്ങളും മന്ത്രാലയം നൽകിയിരുന്നു. തൊഴിലില്ലായ്മ വേതന നിധിയായ ‘ഹദഫു’മായി സഹകരിച്ചുള്ള വേതന സബ്സിഡികൾ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. നവീകരിച്ച പതിപ്പിൽ സങ്കീർണതയുടെ തോത് കുറയ്ക്കാൻ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽനിന്ന് ആവശ്യമായ സ്വദേശിവത്കരണത്തിെൻറ ശതമാനത്തിന് വ്യക്തമായ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
സർക്കാർ ഏജൻസികളും സൗദി ചേംബറും സ്വകാര്യ മേഖലയുമായി ചേർന്ന് നടത്തിയ നിരവധി ശിൽപശാലകളുടെയും യോഗങ്ങളുടെയും അടിസ്ഥാനത്തിലാണ് പരിഷ്കരിച്ച നിതാഖാത് മുത്വവർ വികസിപ്പിച്ചെടുത്തത്.
ജിദ്ദ: രാജ്യത്തെ സ്വകാര്യ കൺസൽട്ടിങ് മേഖലയിലെ തൊഴിലുകളിലെ സ്വദേശിവത്കരണത്തിന് തുടക്കമായി. ഏപ്രിൽ ആറിന് ആദ്യഘട്ടം നടപ്പാക്കുന്നത് ആരംഭിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കൺസൽട്ടിങ് തൊഴിലുകളുടെ സ്വദേശിവത്കരണത്തിനായി നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനെ തുടർന്നാണിത്. സ്വദേശികളായ പുരുഷ-സ്ത്രീ പൗരന്മാർക്ക് നല്ലൊരു തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന കൂട്ടുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കൺസൽട്ടിങ് ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കും. കൺസൽട്ടിങ് മേഖലയിലെ കൺസൽട്ടന്റുമാരും സ്പെഷലിസ്റ്റുകളും ഇതിലുൾപ്പെടും.
ഇൗ തീരുമാനം പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുകയെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.