റിയാദ്: സൗദി അറേബ്യയിൽ ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച മലയാളി നഴ്സുമാർക്ക് ഗൾഫ് മാധ്യമവും പ്രമുഖ IELTS/OET/മെഡിക്കൽ എൻജിനീയറിങ് കോച്ചിങ് സെന്ററും മാൻപവർ റിക്രൂട്ട്മെന്റ് ലൈസൻസ് കമ്പനിയുമായ 'അജിനോറ'യും ചേർന്ന് പുരസ്കാരം നൽകുന്നു. പൊതുജനങ്ങളിൽനിന്ന് നാമനിർദേശം ക്ഷണിച്ച് അതിൽനിന്ന് തെരഞ്ഞെടുക്കുന്ന റിയാദ് (മധ്യ പ്രവിശ്യ), ദമ്മാം (കിഴക്കൻപ്രവിശ്യ), ജിദ്ദ (പടിഞ്ഞാറൻ പ്രവിശ്യ) എന്നിവിടങ്ങളിൽനിന്നുള്ള ഓരോ നഴ്സുമാർക്ക് അരലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന പുരസ്കാരമാണ് സമ്മാനിക്കുക.
ഒരു ജോലി എന്നതിലുപരിയായി നഴ്സിങ്ങിനെ ജീവൻരക്ഷാ ദൗത്യമായും കണ്ട് ആത്മസമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആതുരശ്രുശൂഷകരെ കണ്ടെത്തി അർഹിക്കുന്ന അംഗീകാരവും ആദരവും നൽകുകയും അവരുടെ മഹനീയമായ സേവന പന്ഥാവിൽ പ്രോത്സാഹനവും പിന്തുണയുമായി ഒപ്പം ചേരുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. മാലാഖയെന്ന വിശേഷണത്തിന് അർഹയായ അത്തരമൊരു നഴ്സിനെ അല്ലെങ്കിൽ ഒന്നിലധികം നഴ്സുമാരെ നിങ്ങൾക്കും അറിയില്ലേ? രോഗികളെ ഉറ്റവരെ പോലെ കണ്ട് മരുന്ന് മാത്രമല്ല കരുതലും സ്നേഹവും നൽകി ശുശ്രൂഷിക്കുന്ന അർപ്പണ മനസ്കർ? അങ്ങനെയുള്ളവരെ അറിയുമെങ്കിൽ വേഗം അവരുടെ പേരുകൾ നിർദേശിക്കൂ.
ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗ്ൾ ഫോം പൂരിപ്പിച്ചാണ് നാമനിർദേശം സമർപ്പിക്കേണ്ടത്. ഡോക്ടർമാരും സാമൂഹികപ്രവർത്തകരും അടക്കമുള്ള വിദഗ്ധരടങ്ങിയ ജൂറി നാമനിർദേശങ്ങൾ പരിശോധിച്ച് ഏറ്റവും അർഹതയുള്ളവരെ കണ്ടെത്തും. അതതിടങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ ഈ മാസം സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
നോമിനേഷന്‍ ലിങ്ക് : http://madhyamam.com/nea
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.