വ്യാജ സർട്ടിഫിക്കറ്റ്​: സൗദിയില്‍ ഏഴു മലയാളി നഴ്​സുമാർ പിടിയിൽ

ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്സുമാര്‍ ദമ്മാമില്‍ പിടിയിലായി. ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലിൽ അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് മന്ത്രാലയത്തി​​​​െൻറ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. ചിലത് ട്രാവല്‍ ഏജൻറുമാര്‍ നല്‍കിയ വ്യാജ  സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്​. പിടിയിലായവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. 

2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൗദിയിലേക്ക്​ ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക്​ നാട്ടില്‍ രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേർ കുരുക്കിലായി. പലരും കുടുംബവുമായി താമസിക്കുന്നവരാണ്. 

പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുമെന്നതിനാല്‍ നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. നാട്ടില്‍നിന്ന് വരുന്നവര്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. 

Tags:    
News Summary - nurses-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.