ജിദ്ദ: ഖുർആനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ആവശ്യപ്പെട്ടു. സൗദിയുടെ മുൻകൈയിൽ ഞായറാഴ്ച ജിദ്ദയിൽ ചേർന്ന ഒ.ഐ.സി എക്സിക്യൂട്ടിവിന്റെ അടിയന്തര യോഗത്തിൽ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ സെൻട്രൽ പള്ളിക്ക് മുന്നിൽ ഖുർആന്റെ കോപ്പി കത്തിച്ച പശ്ചാത്തലത്തിലാണ് ഒ.ഐ.സി അടിയന്തര എക്സിക്യൂട്ടിവ് യോഗം ചേർന്നത്.
ഖുർആന്റെ പകർപ്പുകൾ അപകീർത്തിപ്പെടുത്തുകയും പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു ഏകീകൃത നിലപാടും കൂട്ടായ നടപടികളും സ്വീകരിക്കണമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംകളും ഈദുൽ അദ്ഹ ആഘോഷിക്കുമ്പോഴാണ് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ സെൻട്രൽ പള്ളിക്ക് പുറത്ത് ഖുർആനെ അപമാനിക്കുന്ന നിന്ദ്യമായ പ്രവൃത്തി നടന്നത്. ഈ തെറ്റായ നടപടിക്കെതിരെ ഉചിതമായ പ്രതികരണത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
ഖുർആനെ അപകീർത്തിപ്പെടുത്തുകയും പ്രവാചകൻ മുഹമ്മദ് നബിയെയും ഇസ്ലാമിക ചിഹ്നങ്ങളെയും അവഹേളിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ഒരു സാധാരണ ‘ഇസ്ലാമോഫോബിയ’ സംഭവമല്ല.
ഇത്തരം മതവിദ്വേഷത്തിന്റെ ആളുകൾക്കെതിരെ നടപടി എടുക്കാനും അത് നിരോധിക്കാനും അന്താരാഷ്ട്ര നിയമത്തിന്റെ അടിയന്തര പ്രയോഗമുണ്ടാകേണ്ടതുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന് നിരന്തരമായ ഓർമപ്പെടുത്തലുകൾ അയക്കേണ്ടതുണ്ടെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.