ജിദ്ദ: ഗസ്സയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിലും അധിനിവേശത്തിലും അതിരൂക്ഷമായ ഭാഷയിൽ അപലപിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ (ഒ.ഐ.സി). പത്തു കുട്ടികളും സ്ത്രീകളും അടക്കം 13 ഫലസ്തീനികളാണ് അതി ദാരുണമായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
ഇരുപതിലധികം പേർക്ക് ഗുരുതര പരിക്കുപറ്റി. അന്താരാഷ്ട്ര വ്യവസ്ഥകളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും ഇസ്രായേൽ സൈനികർക്കെതിരെ ഒരു നടപടിയും ഇല്ലാതെയും തുടരുന്ന ഹീനമായ ആക്രമണങ്ങൾക്കെതിരെ ലോകം ശക്തമായ പ്രതിഷേധം ഉണ്ടാവേണ്ടതുണ്ടെന്നും ഫലസ്തീൻ പൗരന്മാർക്ക് കൂടുതൽ ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന തുടർച്ചയായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും സംഘടിത ഭരണകൂട ഭീകരതയുമാണ് നടക്കുന്നത്. ഈ അധിനിവേശത്തിന്റെയും കടന്നാക്രമങ്ങളുടെയും പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഒ.ഐ.സി വിലയിരുത്തി.
അതേ സമയം, ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും ഫലസ്തീൻ ജനതക്കെതിരെയും അവരുടെ ഭൂമിക്കും അവരുടെ സംവിധാനങ്ങൾക്കുമെതിരെ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇസ്രായേൽ അധിനിവേശത്തെ ഉത്തരവാദിയാക്കാനും അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കാനും ഒ.ഐ.സി ആവർത്തിച്ച് ആഹ്വാനം ചെയ്തു. ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ് നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
തങ്ങളുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ് വക്താക്കളും അറിയിച്ചു. ഗസ്സ സിറ്റിയിലെ ഒരു അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മുകൾ നിലയിലും തെക്കൻ നഗരമായ റഫയിലെ വീടിന് മുകളിലും സ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.