സുഡാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിന് ജിദ്ദയിൽ ചേർന്ന ഒ.ഐ.സി അടിയന്തിര യോഗത്തിൽ നിന്ന്

സുഡാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതുണ്ട് - ഒ.ഐ.സി

ജിദ്ദ: സുഡാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ അഭ്യർഥനപ്രകാരം സുഡാനിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിന് ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിനൊടുവിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൈനിക സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സുഡാനിൽ തുടരുന്ന സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു. മാനുഷിക സഹായം, പരിക്കേറ്റവർക്കും ഒറ്റപ്പെട്ടവർക്കും പിന്തുണ, പൗരന്മാരെയും നയതന്ത്ര ദൗത്യങ്ങളെയും ഒഴിപ്പിക്കുക, അതിനായി സുരക്ഷിത മാനുഷിക പാതകൾ സൃഷ്ടിക്കുക എന്നിവ ഉറപ്പാക്കുന്നതിനുള്ള ഉടമ്പടി പൂർണമായി പാലിക്കാൻ ഒ.ഐ.സി അടിയന്തിരയോഗം ആവശ്യപ്പെട്ടു.

വൻതോതിലുള്ള മനുഷ്യനഷ്ടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിന്റെയും വെളിച്ചത്തിൽ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി സൈനിക മുന്നേറ്റം നിർത്തണം. പ്രതിസന്ധി പരിഹാരത്തിന് സംഭാഷണത്തിന്റെയും ചർച്ചയുടെയും മാർഗത്തിലേക്ക് എത്രയും വേഗം മടങ്ങണമെന്നും ഒഐ.സി അടിയന്തിര യോഗം ആവശ്യപ്പെട്ടു. ഐക്യം കാത്തുസൂക്ഷിക്കുന്നതിനും വെടിനിർത്തി സമാധാനപരമായ പാതയിലേക്ക് മടങ്ങാനും ലക്ഷ്യമിട്ട് സുഡാനിലെ പ്രാദേശിക, അന്തർദേശീയ കക്ഷികളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.

സുഡാനിൽ നിന്ന് പൗരന്മാരെയും നയതന്ത്ര ദൗത്യങ്ങളിലൂടെ വിവിധ രാജ്യക്കാരെ ഒഴിപ്പിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും നൽകാനും സൗദി അറേബ്യ നടത്തിയ മഹത്തായ ശ്രമങ്ങളെയും യോഗം പ്രശംസിച്ചു. ഇക്കാര്യത്തിൽ പരിശ്രമിച്ച മറ്റ് രാജ്യങ്ങളുടെ പങ്കിനെയും സുഡാനിൽ സമാധാനം പാലിക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനും ചർച്ച ടേബിളിലേക്ക് മടങ്ങാനും പ്രേരിപ്പിക്കുന്ന തുർക്കിയുടെ ഉയർന്ന തലത്തിലുള്ള ശ്രമങ്ങളെയും ഒഐ.സി യോഗം അഭിനന്ദിച്ചു.

സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളിൽ നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങളെയും വിദേശ പൗരന്മാരെയും സുരക്ഷിതമായും സ്വതന്ത്രമായും കുടിയൊഴിപ്പിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ശ്രമിച്ച സുഡാനീസ് അധികാരികൾക്ക് യോഗം നന്ദി പറഞ്ഞു. സുഡാൻ പ്രതിസന്ധി അവസാനിപ്പിക്കാനും പരിഹാരത്തിൽ എത്തിച്ചേരാനും സുഡാനിനെയും ജനതയെയും പിന്തുണയ്ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ പ്രധാന്യം ഒ.ഐ.സി യോഗം ഊന്നിപ്പറഞ്ഞു.

അക്രമങ്ങളുടെ തുടർച്ച പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും നിഴലും പ്രതികൂല പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. ഇത് അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയേയും ബാധിക്കും. സുഡാനിലെ സംഘർഷം തികച്ചും ആഭ്യന്തര കാര്യമാണെന്ന് കണക്കിലെടുക്കേണ്ടതുണ്ട്. സുഡാനിലെ ഏതെങ്കിലും ബാഹ്യ ഇടപെടലിനെതിരെ യോഗം മുന്നറിയിപ്പ് നൽകി. ഐക്യം സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യവും രാഷ്ട്രീയ സംഭാഷണത്തിലേക്ക് മടങ്ങേണ്ടതിന്റെ അനിവാര്യതയും യോഗം ഊന്നിപ്പറഞ്ഞു. സുഡാനിൽ വിഷമകരമായ സാഹചര്യത്തിൽ കഴിയുന്നവർക്കും അയൽ രാജ്യങ്ങളിലെ അഭയാർഥികൾക്കും അതിർത്തി പ്രദേശങ്ങളിൽ കുടുങ്ങിയവർക്കും മാനുഷികവും ആരോഗ്യപരവുമായ സഹായം നൽകാൻ എല്ലാ രാജ്യങ്ങളോടും സ്ഥാപനങ്ങളോടും മാനുഷിക സംഘടനകളോടും യോഗം അഭ്യർഥിച്ചു.

സുഡാനിലെ സംഭവവികാസങ്ങൾ പിന്തുടരാനും വിലയിരുത്താനും സംഭാഷണത്തിനും അനുരഞ്ജനത്തിനുമുള്ള ശ്രമങ്ങളിൽ പങ്കെടുക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഒ.ഐ.സി സെക്രട്ടറി ജനറലിനോട് യോഗം ആവശ്യപ്പെട്ടു. സായുധ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടതിൽ അഗാധമായ ഖേദം യോഗം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - OIC executive committee discuses developments in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.