ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡൻറും സർക്കാർ ചീഫ് വിപ്പുമായ സലീം അഹമ്മദുമായി ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയം ഇന്ത്യയിലൊട്ടാകെ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ആവേശം വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അനുകൂലമായി മാറുമെന്നും ഭാരത് ജോഡോ യാത്ര ഇന്ത്യയൊട്ടാകെ ഉണ്ടാക്കിയ ചലനം വരുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും സലീം അഹമ്മദ് ചർച്ചയിൽ സൂചിപ്പിച്ചു.
മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിലെ പ്രധാന അഞ്ച് കാര്യങ്ങളിൽ നാലും നൂറു ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള നിശ്ചയദാർഢ്യമാണെന്നും ബാക്കിയുള്ള വാഗ്ദാനങ്ങൾ ഡിസംബറോട് കൂടി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി പ്രവാസികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ, ഒ.ഐ.സി.സി റീജനൽ കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ, എട്ട് വർഷമായി പ്രവർത്തിക്കുന്ന ഒ.ഐ.സി.സി ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ എന്നിവ നേതാക്കൾ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ, ഗ്ലോബൽ കമ്മിറ്റി അംഗവും ഹെൽപ് ഡെസ്ക് കൺവീനറുമായ അലി തേക്കുതോട്, ഐ.ഒ.സി പ്രസിഡന്റ് ജാവീദ് മിയാൻദാദ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.