ജിദ്ദ: അധിനിവേശ നഗരമായ ജറൂസലമിന്റെ മേലുള്ള പരമാധികാരം സംബന്ധിച്ച ഇസ്രായേൽ അവകാശവാദത്തെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി തള്ളി. അധികാരാവകാശവും സിൽവാനിലെ അൽറജ്ബി കുടുംബ കെട്ടിടം പൊളിക്കുന്നതും സംബന്ധിച്ച ഇസ്രായേലിന്റെ പ്രസ്താവനകളെ തുടർന്നാണ് ഒ.ഐ.സിയുടെ പ്രതികരണം. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഫലസ്തീന്റെ തലസ്ഥാനമെന്ന നിലയിൽ കിഴക്കൻ ജറൂസലം നഗരത്തിന്റെ മേൽ ഫലസ്തീൻ ജനതയുടെ പൂർണ പരമാധികാരത്തിനുള്ള അവകാശത്തിന് ഒ.ഐ.സിയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. കൊളോണിയൽ സെറ്റിൽമെൻറ് നയം, വീടുകൾ തകർക്കൽ, ഫലസ്തീൻ പൗരന്മാരെ നിർബന്ധിത കുടിയിറക്കൽ, അൽഅഖ്സ പള്ളിയുടെ സമയവും സ്ഥലവും വിഭജിക്കാനുള്ള ശ്രമം എന്നിവ നിയമപരവും ചരിത്രപരവുമായ സാഹചര്യം മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇസ്രായേലിന്റെ ഈ നിലപാടുകളെയും നടപടികളെയും അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ഇസ്രായേലിന്റെ തുടർച്ചയായ ലംഘനങ്ങൾ തടയണം. ഫലസ്തീൻ ജനതക്കെതിരെയും അവരുടെ വിശുദ്ധ ഗേഹങ്ങൾക്കുമെതിരായ തുടർച്ചയായ കുറ്റകൃത്യങ്ങളുടെയും ആക്രമണങ്ങളുടെയും പൂർണവും നേരിട്ടുള്ളതുമായ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ഒ.ഐ.സി കുറ്റപ്പെടുത്തി. യു.എൻ സെക്യൂരിറ്റി കൗൺസിലിനോട് അതിന്റെ പ്രമേയങ്ങൾ നടപ്പാക്കുന്നതിനും ഇസ്രായേലിന്റെ മേൽ സമ്മർദം ചെലുത്തുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.