ദമ്മാം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മനുവേണ്ടി വിവിധ രാജ്യങ്ങളിൽനിന്നെത്തിയ ഒ.ഐ.സി.സി ഭാരവാഹികൾ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം സജീവ സാന്നിധ്യമറിയിച്ചു.
ഭവനസന്ദർശനം, വാഹന പ്രചാരണ ജാഥ, അനൗൺസ്മെൻറ് വാഹനങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണരംഗത്ത് ഒ.ഐ.സി.സി/ ഇൻകാസ് നേതാക്കൾ സജീവമാണ്.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഒ.ഐ.സി.സി നേതാക്കളുടെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ പുതുപ്പള്ളിയിൽ ഒ.ഐ.സി.സി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ചുമതല ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനും ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫിനുമാണ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നൽകിയിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയായിരുന്നു ഒ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒ.ഐ.സി.സിയുടെ നിലവിലെ ഭാരവാഹികളെ കൂടാതെ, പ്രവാസം മതിയാക്കി നാട്ടിലുള്ള ഒ.ഐ.സി.സിയുടെ മുൻ ഭാരവാഹികളും പുതുപ്പള്ളിയിൽ തമ്പടിച്ചാണ് ഒ.ഐ.സി.സിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
പ്രവാസികളുടെ വിഷയങ്ങളിൽ ഏറ്റവും ശ്രദ്ധാലുവായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള നന്ദിസൂചകമായിട്ടുകൂടിയാണ് പ്രവാസലോകത്തുനിന്ന് ഇത്രയേറെ ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും ചാണ്ടി ഉമ്മന്റെ റെക്കോഡ് ഭൂരിപക്ഷത്തിനുവേണ്ടി മണ്ഡലത്തിൽ പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുമെത്തിയ ഒ.ഐ.സി.സി നേതാക്കളുടെ പ്രചാരണ പരിപാടികളിൽ സ്ഥാനാർഥി ചാണ്ടി ഉമ്മനും കെ.പി.സി.സി നേതൃത്വവും സന്തുഷ്ടി പ്രകടിപ്പിച്ചു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹനീഫ് റാവുത്തർ, ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, ബോബി പാറയിൽ, ലിങ്ക്വിൻസ്റ്റർ മാത്യു തുടങ്ങിയവർ പുതുപ്പള്ളിയിലെ ഒ.ഐ.സി.സിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.