അബഹ: അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയന്‍റെ പേരിലുള്ള ജി.കെ.മെമ്മോറിയൽ ട്രസ്റ്റുമായും ആറ്റിങ്ങൽ കെയർ ഹെൽപ്പ് ഡസ്കുമായും സഹകരിച്ച് ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മറ്റി അബഹയിൽ നിന്നും കൊച്ചിയിലേക്ക് രണ്ട് ചാർട്ടേഡ് വിമാനങ്ങൾ സർവിസ് നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടു 440 യാത്രക്കാരാണ് ഇരു വിമാനങ്ങളിലുമായി നാട്ടിലെത്തിയത്.
ആദ്യമായാണ് അബഹയിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് ചാർട്ടേഡ് വിമാനസർവിസ് ഒരുക്കുന്നത്. സൗദിയിലെ ദക്ഷിണ മേഖലയിൽ ഉൾപ്പെടുന്ന നജ്റാൻ, ജിസാൻ, ബിഷ, അൽബഹ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള രോഗികളും, വാർദ്ധക്യ സഹചമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും, ഗർഭിണികളും, കുട്ടികളുമടങ്ങുന്ന സംഘമാണ് കൊച്ചിയിൽ എത്തിച്ചേർന്നത്. അബഹ ഗവർണർ പ്രിൻസ് തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രദേശത്തെ പ്രവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ധരിപ്പിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരരം സൗദി എയർലൈൻസ് അസീർ മേഖലാ മാനേജർ മുബാറക്ക് ഖഹ്ത്താനിയുമായി ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗ സമിതി അംഗം ബിജു കെ. നായരും ചർച്ച നടത്തി. അതുപ്രകാരമാണ് പ്രദേശത്തെ പ്രവാസികൾ കോവിഡ് പ്രതിസന്ധിയിൽ അനുഭവപ്പെടുന്ന യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമെന്നോണം അബഹയിൽ നിന്നും നേരിട്ട് കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനമൊരുക്കാൻ സാധിച്ചത്.
വിമാനസർവിസുകൾ ഒരുക്കുന്നതിന് മികച്ച സേവനമാണ് അബഹ വിമാനത്താവളത്തിലെയും സൗദി എയർലൈൻസിലെയും ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയതു മുതൽ വിമാന കവാടത്തിൽ വരെ സഹായങ്ങൾ എത്തിക്കുന്നതിന്നായി ഒ.ഐ.സി.സിയുടെ സേവനം ഉറപ്പുവരുത്തുന്നതിന്നായി മേഖലാ ജനറൽ സെക്രട്ടറി പ്രകാശൻ നാദാപരുത്തിന്റെ നേതൃത്വത്തിൽ യൂണിറ്റു കമ്മറ്റി പ്രസിഡന്റുമാർ അടങ്ങുന്ന പ്രവർത്തകർ സജ്ജരായിരുന്നു.
ചാർട്ടേർഡ് വിമാനങ്ങളൊരുക്കാൻ സഹായിച്ച അടൂർ പ്രകാശ് എം.പി, ശബരിനാഥൻ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജെ. ആനന്ദ്, ബിജു കെ.നായർ എന്നിവരോട് ഒ.ഐ.സി.സി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ നന്ദി അറിയിച്ചു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് പ്രകാശൻ നാദാപുരം, മിഷാൽ ഹാജിയാരകം, മനാഫ് പരപ്പിൽ, ബിനു ജോസഫ്, ഗഫൂർ പയ്യാനക്കൽ, നൗഷാദ് കൊടുങ്ങല്ലൂർ, സജി ഏലിയാസ്, ബിജു യാക്കോബ്, പൈലി ജോസ്, റോയി മൂത്തേടം, അബ്ദുൽ സലാം ബീഷ, ബിനു, ഷാജി അൽബഹ, ദിലീപ് കളരിക്കമണ്ണിൽ തുടങ്ങിയ ഒ.ഐ.സി.സി നേതാക്കൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.